ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര വിപണിയെ ആഘോഷമാക്കാൻ ആകർഷകമായ ഓഫറുകളുമായി വിപണി ഒരുങ്ങി. ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാപാര കേന്ദ്രങ്ങളിലും മാളുകളിലും ക്രിസ്മസ് അലങ്കാരങ്ങൾ നിറഞ്ഞു.
കമേഴ്സ്യൽ സ്ട്രീറ്റ്, ചിക്ക് പേട്ട്, മല്ലേശ്വരം, കെആർപുരം, എംജി റോഡ്, ശിവാജിനഗർ ഉൾപ്പെടെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം വിപണന മേളകൾ ആരംഭിച്ചിട്ടുണ്ട്.
പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനങ്ങളിലെ ഓഫറുകളെ വിലക്കിഴിവുകളുടെ ക്രിസ്മസ് മേളകളിലൂടെ മറികടക്കാനാണ് ഇവർ ശ്രമിക്കുന്നത്. റെഡിമെയ്ഡ് തുണിത്തരങ്ങൾ, ഷൂ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയ്ക്ക് 50 ശതമാനം വരെ വിലക്കിഴിവുണ്ട്.
ഗൃഹോപകരണങ്ങൾ, മൊബൈൽഫോൺ, ലാപ്ടോപ് എന്നിവയ്ക്ക് ഇഎംഐ സ്കീമുകളും ലഭ്യമാണ്.
ക്രിസ്മസിനു വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ആകർഷകമായ അലങ്കാരവസ്തുക്കളുടെ വിപണിയുമായി കേരള മുൻ രഞ്ജി താരം ജെ.കെ.മഹേന്ദ്ര. ശിവാജിനഗർ സഫീന പ്ലാസയിലാണു മഹേന്ദ്രയുടെ ഉടമസ്ഥതയിലുള്ള ജെ.കെ. ക്രിസ്മസ് ആൻഡ് ഗിഫ്റ്റ് സെന്റർ പ്രവർത്തിക്കുന്നത്.
തുടർച്ചയായ നാലാം വർഷമാണ് അദ്ദേഹം ക്രിസ്മസ് വിപണിയുടെ ഭാഗമാകുന്നത്. ക്രിസ്മസ് ട്രീയാണ് സെന്ററിലെ താരം. 50,000 മുതൽ 75,000 വരെയാണ് വില. 50,000 രൂപ വരെ വിലയുള്ള പുൽക്കൂടുകളും ലഭ്യമാണ്.
ഒപ്പം വ്യത്യസ്ത രുചികളിലുള്ള കേക്കുകളും ലഭിക്കും. ചൈന, ദക്ഷിണ കൊറിയ, ഇന്തൊനീഷ്യ, വിയറ്റ്നാം ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നാണ് ഇവ ഇറക്കുമതി ചെയ്തത്. 26 വരെ വിൽപന നടക്കും.