ചെന്നൈ: മ്യാൻമറിൽ നിന്ന് മണിപ്പൂർ, ഗുവാഹത്തി, ചെന്നൈ വഴി ശ്രീലങ്കയിലേക്ക് ചായപാക്കറ്റിൽ ലഹരിമരുന്ന് കടത്താനുള്ള നീക്കം പൊളിച്ച് നാർകോറ്റിക്സ് കൺട്രോൾ ബ്യൂറോ.
ചെന്നൈ, ബെംഗളൂരു, ഇംഫാൽ മേഖലകളിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ (എൻസിബി) ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മെതാംഫെറ്റാമിൻ കടത്താനിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.
എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് 15.8 കിലോ മയക്കുമരുന്ന് പിടികൂടുകയും ചെയ്തിട്ടുണ്ട്. മണിപ്പൂരിലെ ഇംഫാലിൽ നിന്ന് 75 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കളും പിടിച്ചെടുത്തു.
മ്യാൻമറിലെ തമുവിൽ നിന്ന് ശ്രീലങ്കയിലേക്ക് കടൽമാർഗം കടത്താനുള്ള ശ്രമത്തിനിടെയാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ലഹരിമരുന്ന് പിടിച്ചെടുത്തത്.
ചായ പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ചെന്നൈയിൽ എത്തിച്ചത്. 2023 ഡിസംബർ 21 ന് ചെന്നൈ സോണിലെ എൻസിബി ഉദ്യോഗസ്ഥർ 4.8 കിലോ മെത്താംഫെറ്റാമൈൻ പിടിച്ചെടുക്കുകയും ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെ ചെന്നൈയിൽ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ചിന്താമണി, സെൽവം എന്ന വീരശെൽവം, ശരവണൻ, ജോസഫ് ജസ്റ്റിൻ പോൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ മണിപ്പൂരിലെ മോറെയിൽ നിന്നാണ് ഇവർ കള്ളക്കടത്ത് നടത്തിയതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
തുടർന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ചെന്നൈ, ബംഗ്ലൂരു, ഇമ്ഫാൽ യൂണിറ്റുകൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ലഹരിക്കടത്ത് സംഘം പിടിയിലായത്.