ബെംഗളൂരു: നഗരത്തിൽ ഒരു ബസിന് പിന്നില്‍ പതിച്ച ഒരു പരസ്യം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് തിരിക്കൊളുത്തിയിരിക്കുന്നത്.
ഒരു ഇന്‍സ്റ്റന്റ് രസം നിര്‍മാണ കമ്പനിയുടെതാണ് പരസ്യം.
‘ഭാര്യ നോര്‍ത്ത് ഇന്ത്യന്‍ ആണോ? എങ്കില്‍ വിഷമിക്കേണ്ട, സെക്കന്റുകള്‍ക്കുള്ളില്‍ രസം തയ്യാറാക്കാം’ എന്നാണ് പരസ്യത്തിൽ പറയുന്നത്.
തേജസ് ദിനകർ എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
പരസ്യത്തിലുള്ളത് സെക്സിസ്റ്റ് പ്രയോഗമാണെന്നും തെക്കേ ഇന്ത്യക്കാരെയും വടക്കേ ഇന്ത്യക്കാരെയും ഒരുപോലെ അപമാനിക്കുന്നതാണെന്നും ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായി.
നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതികരിച്ച് രംഗത്തെത്തിയത്.
പരസ്യത്തിൽ ആൺ, പെൺ വേർതിരിവ് കാണിക്കുന്നു എന്നായിരുന്നു പലരുടെയും കമന്റ്.
എന്നാൽ ദക്ഷിണേന്ത്യന്‍ വിഭവങ്ങളെക്കുറിച്ച് അത്ര പരിചയമില്ലാത്ത ഒരാളാണ് ഭാര്യയെങ്കില്‍ ഇത് പ്രയോജനപ്പെടുമെന്നും ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും ആളുകള്‍ തമ്മിലുള്ള വിവാഹത്തെയും ഈ പരസ്യം പ്രോത്സാഹിപ്പിക്കുന്നു എന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്
നിലവിൽ ചൂടുപിടിച്ച ചർച്ചയ്ക്ക് വഴി ഒരുക്കിയിരിക്കുകയാണ് ഈ പരസ്യം.