ചെന്നൈ : പൊങ്കൽ അവധിയോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ യാത്രത്തിരക്ക് അതിരൂക്ഷം.
ചെന്നൈയിൽനിന്ന് തമിഴ്‌നാടിന്റെ തെക്കൻജില്ലകളിലേക്കും കേരളം ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലേക്കും തീവണ്ടികളിലും ദീർഘദൂര ബസ് സർവീസുകളിലും ടിക്കറ്റിനായി ആളുകൾ നെട്ടോട്ടത്തിലാണ്.
ഏറ്റവും കൂടുതൽ തിരക്കുള്ള വെള്ളിയാഴ്ച പുറപ്പെടുന്ന തീവണ്ടികളിലെ തത്കാൽ ടിക്കറ്റ് റിസർവേഷൻ മിനിറ്റുകൾക്കുള്ളിൽതീർന്നു.
വന്ദേഭാരത് അടക്കം ചെന്നൈയിൽനിന്ന് സ്പെഷ്യൽ തീവണ്ടികൾ ഓടുന്നുണ്ടെങ്കിലും ഇവയിലെല്ലാം ടിക്കറ്റുകൾ അതിവേഗം തീർന്നിരിക്കയാണ്.
വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന പ്രധാന തീവണ്ടികളിൽ മൂന്ന് മാസം മുമ്പ് തന്നെ റിസർവേഷൻ അവസാനിച്ചിരുന്നു.
ഇപ്പോൾ തത്കാലും വേഗത്തിൽ തീർന്നിരിക്കയാണ്.കെ.എസ്.ആർ.ടി.സി. നാല് സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്.
ഇവയിലും റിസർവേഷൻ തുടങ്ങി അധികം വൈകാതെ ടിക്കറ്റ് തീർന്നു.വാരാന്ത്യഅവധിയോട് ചേർന്ന് പൊങ്കൽ വരുന്നതിനാലാണ് ഇത്തവണ തിരക്ക് കൂടാൻ കാരണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടക്കം തിങ്കൾ മുതൽ മൂന്ന് ദിവസം തുടർച്ചയായി അവധിയാണ്.
ശനി, ഞായർ കൂടിയായതോടെ അഞ്ച് ദിവസം തുടർച്ചയായി അവധി ലഭിക്കുന്നതിനാൽ ഒട്ടേറെ മലയാളികൾ നാട് സന്ദർശിക്കുന്നതും പൊങ്കൽ സമയത്താണ്.
ഉപരിപഠനാർഥം ചെന്നൈയിൽ താമസിക്കുന്ന മലയാളി വിദ്യാർഥികളും കൂടിയായതോടെ തിരക്ക് രൂക്ഷമാകുകയായിരുന്നു.