ചെന്നൈ: പൊങ്കൽ അവധി ദിനങ്ങൾ ആരംഭിച്ചതോടെ സന്ദർശകത്തിരക്കിൽ ചെന്നൈ പുസ്തകമേള.
ആരംഭിച്ചതിന്റെ അടുത്ത ദിവസങ്ങളിൽ നഗരത്തിൽ പെയ്ത കനത്ത മഴ സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടാക്കിയിരുന്നെങ്കിലും അതിന്റെയെല്ലാം കുറവ് നികത്തുന്ന തരത്തിലാണ് കഴിഞ്ഞ 2 ദിവസമായി നന്ദനം വൈഎംസിഎ ഗ്രൗണ്ടിലേക്ക് സന്ദർശകർ ഒഴുകിയെത്തുന്നത്.
ബുധനാഴ്ച വരെ നീളുന്ന അവധി ദിനങ്ങളിൽ കൂടുതൽ പുസ്തകപ്രേമികൾ മേളയ്ക്കെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
വായനയെ ഗൗരവത്തോടെ സമീപിക്കുന്ന വലിയൊരു വിഭാഗം ആളുകളാണ് മേളയിലേക്കെത്താനുള്ള അവസരമായി അവധി ദിനങ്ങളെ പ്രയോജനപ്പെടുത്തുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായതിനാൽ കുടുംബസമേതമാണ് നഗരവാസികൾ പുസ്തകമേള സന്ദർശിക്കാനെത്തുന്നത്.
അവധി ദിനങ്ങളിൽ മേള സന്ദർശിക്കുന്ന സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവരുടെ എണ്ണത്തിലും വർധനയുണ്ടായി.
വിവിധ വിഭാഗത്തിലുള്ള സാഹിത്യ സൃഷ്ടികൾ, പൊതുവിജ്ഞാനം, ചരിത്ര പുസ്തകങ്ങൾ, ആനുകാലികം, കുട്ടികളുടെ പുസ്തകങ്ങൾ തുടങ്ങി ലക്ഷക്കണക്കിനു പുസ്തകങ്ങളാണു മേളയിൽ ഒരുക്കിയിരിക്കുന്നത്.
800ലേറെ സ്റ്റാളുകൾ. അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 8.30 വരെയാണ് പ്രദർശനം.
വേദിയിൽ എല്ലാ ദിവസവും വൈകിട്ട് നടക്കുന്ന എഴുത്തുകാരുമായുള്ള സംവാദം, കലാപരിപാടികൾ തുടങ്ങിയവയും ഏറെപ്പേരെ ആകർഷിക്കുന്നുണ്ട്.