Read Time:1 Minute, 26 Second
ചെന്നൈ: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് ആർകെ ശാല, മൈലാപ്പൂർ, മന്തവെളി എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ മൂലമുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) അറിയിച്ചു.
ഗതാഗതം തിരിച്ചു വിട്ടിട്ടുള്ള ചെറു റോഡുകളിലെ കയ്യേറ്റങ്ങളും അനധികൃത പാർക്കിങ്ങും ഒഴിപ്പിക്കാനുള്ള നടപടികൾ പൊലീസുമായി ചേർന്ന് നടപ്പാക്കി വരികയാണ്.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള ജംക്ഷനുകളിൽ വാഹന യാത്രക്കാരെ സഹായിക്കാൻ കൂടുതൽ വൊളന്റിയർമാരെ നിയോഗിക്കും.
വൺവേ നിയന്ത്രണങ്ങൾ ഉറപ്പാക്കാനും നടപടികൾ സ്വീകരിക്കും. വലിയ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റൂട്ടുകളിൽ ചെറിയ ബസുകളുടെ സർവീസ് ഏർപ്പെടുത്തുന്നതു സംബന്ധിച്ച് എംടിസിയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും സിഎംആർഎൽ അധികൃതർ പറഞ്ഞു.