ചെന്നൈ : യു.പി.ഐ. സംവിധാനം ഉപയോഗപ്പെടുത്തി ബസുകൾ ടിക്കറ്റ് നൽകുന്നതിനുള്ള പദ്ധതിയുമായി മെട്രോപോലീറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ(എം.ടി.സി.).
പല്ലാവരത്ത് സർവീസ് നടത്തുന്ന ബസുകളിൽ പരീക്ഷണാർഥം പദ്ധതിയാരംഭിച്ചു. ഇതുപ്രകാരം ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യു.പി.ഐ.പേമെന്റ് ആപ്ലിക്കേഷനുകൾ മുഖേന ബസുകളിൽ ടിക്കറ്റ് ചാർജ് നൽകാം.
ഈ സൗകര്യമുള്ള ടിക്കറ്റ് മെഷീൻ പല്ലാവരത്തെ കണ്ടക്ടർമാർക്ക് നൽകിയിട്ടുണ്ട്.
യാത്ര ചെയ്യേണ്ട സ്ഥലംസംബന്ധിച്ച വിവരങ്ങൾ മെഷീനിൽ നൽകിയാൽ ടിക്കറ്റ് ചാർജ് നൽകുന്നതിനായി ക്യു.ആർ. കോഡ് തെളിയും.
ഇത് മൊബൈൽ ആപ്ലിക്കേഷൻ മുഖേന സ്കാൻ ചെയ്ത് പണം കൈമാറാം. കാർഡ് മുഖേന പണംകൈമാറാനുള്ള സംവിധാനവും ഈ മെഷിനിലുണ്ട്.
ഇപ്പോൾ പല്ലാവരത്തുനിന്ന് പുറപ്പെടുന്ന ബസുകളിൽ മാത്രമാണെങ്കിലും ഉടൻതന്നെ എല്ലാ എം.ടി.സി. ബസുകളിലേക്കുമായി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്.
ഇതുകൂടാതെ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ടിക്കറ്റെടുക്കാനുള്ള സംവിധാനവും ഏർപ്പെടുത്താൻ പദ്ധതിയുണ്ട്.
ബസിനുള്ളിൽ പതിച്ചിരിക്കുന്ന ക്യൂ.ആർ. കോഡ് സ്കാൻ ചെയ്താൽ യാത്ര വിവരങ്ങൾനൽകുന്നതിനും പണംകൈമാറുന്നതിനും സാധിക്കും. മൊബൈലിൽതന്നെ ടിക്കറ്റും നേടാം.