ചെന്നൈ: അനാവശ്യമായി മാനനഷ്ട ഹർജി സമർപ്പിച്ചതിന്റെപേരിൽ ഒരുലക്ഷം രൂപ പിഴവിധിച്ച സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന നടൻ മൻസൂർ അലിഖാന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
പിഴത്തുക നൽകാൻ സിംഗിൾ ബെഞ്ചിന് മുമ്പാകെ സമ്മതം അറിയിച്ച മൻസൂർ അലിഖാൻ പിന്നീട് ഇതിനെതിരേ അപ്പീൽ സമർപ്പിച്ചതിൽ ജസ്റ്റിസ് ആർ. മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് ഷഫീക്ക് എന്നിവരടങ്ങുന്ന ബെഞ്ച് ആശ്ചര്യം പ്രകടിപ്പിച്ചു.
തൃഷ അടക്കമുള്ള നടിമാരെ ബന്ധപ്പെടുത്തി മൻസൂർ അലിഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശമാണ് വിവാദത്തിന് കാരണമായത്.
പരാമർശത്തിൽ തൃഷ, ഖുശ്ബു, ചിരഞ്ജീവി എന്നിവർ പ്രതിഷേധം അറിയിച്ചു. ഇതിന്റെപേരിലാണ് മൻസൂർ അലിഖാൻ ഇവർക്കെതിരേ മാനനഷ്ട ഹർജി സമർപ്പിച്ചത്.
എന്നാൽ ഹർജി അനാവശ്യമാണെന്ന് നിരീക്ഷിച്ച സിംഗിൾ ബെഞ്ച്, കോടതിയുടെ സമയം പാഴാക്കിയതിന് ഒരു ലക്ഷം രൂപ പിഴവിധിക്കുകയുമായിരുന്നു.
പിഴയായ ഒരുലക്ഷം രൂപ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് നൽകാനും നിർദേശിച്ചു. പിഴയടയ്ക്കാമെന്ന് അപ്പോൾ സമ്മതിച്ച താരം പിന്നീട് ഇതിനെതിരേ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
ബുധനാഴ്ച അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച്, പിഴ ഒഴിവാക്കണമെങ്കിൽ സിംഗിൾ ബെഞ്ചിനെത്തന്നെ സമീപിക്കാൻ നിർദേശിച്ചു. കേസ് 17-ന് വീണ്ടും പരിഗണിക്കും.