ബെംഗളൂരു: യാത്രക്കാരുടെ സൗകര്യാർത്ഥം രാവിലെ തിരക്കേറിയ സമയങ്ങളിൽ നമ്മ മെട്രോ പർപ്പിൾ ലൈനിൽ സെപ്തംബർ 1 മുതൽ അധിക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ).
നാദപ്രഭു കെമ്പഗൗഡ സ്റ്റേഷനും (മജസ്റ്റിക്) മഹാത്മാഗാന്ധി റോഡ് മെട്രോ സ്റ്റേഷനും ഇടയിൽ തിങ്കൾ മുതൽ വെള്ളി വരെ അധിക ട്രെയിനുകൾ പ്രവർത്തിക്കും.
സെപ്തംബർ 1 മുതൽ പ്രവൃത്തിദിവസങ്ങളിൽ (തിങ്കൾ മുതൽ വെള്ളി വരെ) ബിഎംആർസിഎൽ അധിക ട്രിപ്പുകൾ നടത്തും.
മഹാത്മാഗാന്ധി റോഡിന് അപ്പുറത്തേക്ക് ബൈയപ്പനഹള്ളി ഭാഗത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് മഹാത്മാഗാന്ധി റോഡ് മെട്രോ സ്റ്റേഷനിൽ ഇറങ്ങി അടുത്ത ട്രെയിനിൽ കയറാൻ സാധിക്കുമെന്ന് ബിഎംആർസിഎൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജനുവരിയെ അപേക്ഷിച്ച് ജൂലൈയിൽ നമ്മ മെട്രോയ്ക്ക് യാത്രക്കാരുടെ എണ്ണത്തിൽ 16 ശതമാനം വർധനയുണ്ടായി.
ഡെക്കാൻ ഹെറാൾഡിന്റെ റിപ്പോർട്ട് പ്രകാരം ജൂലൈ മാസത്തിൽ പ്രതിദിനം 6.2 ലക്ഷത്തിലധികം ആളുകൾ മെട്രോ ഉപയോഗിച്ചട്ടുണ്ട്.
ഏപ്രിൽ മുതൽ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനയുണ്ടായി, 54 ട്രെയിനുകളിൽ പ്രതിദിനം 6.2 ലക്ഷത്തിലധികം യാത്രക്കാരുണ്ട്.
ബൈയപ്പനഹള്ളിക്കും കെആർ പുരത്തിനും ഇടയിലുള്ള 2.1 കിലോമീറ്ററും ചള്ളഘട്ട, കെങ്കേരി എന്നിവിടങ്ങളിലെ 1.9 കിലോമീറ്ററും പ്രവർത്തനക്ഷമമാകുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 7.5 ലക്ഷത്തിലെത്താൻ സാധ്യതയുണ്ട്.