ബെംഗളൂരു : പൂജ അവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യബസുകൾ ടിക്കറ്റ് നിരക്ക് ഉയർത്തി.
യാത്രതിരക്ക് കൂടുതലുള്ള 20-ന് എറണാകുളത്തേക്ക് സ്വകാര്യബസുകളിലെ ഏറ്റവും കൂടിയനിരക്ക് 5,000 ആണ്.
നാലുപേരുള്ള കുടുംബത്തിന് ഈ ബസിൽ നാട്ടിൽപോകണമെങ്കിൽ ചെലവഴിക്കേണ്ടത് 20,000 രൂപ.
അവധികഴിഞ്ഞ് മടങ്ങിവരുന്നതും ഈ ബസിലാണെങ്കിൽ ചെലവാകുന്നത് 40,000 രൂപ.
സ്വകാര്യ വോൾവോ മെഡിസിറ്റി ആക്‌സിൽ എ.സി. സ്ലീപ്പർ ബസിനാണ് 5,000 രൂപ നിരക്ക്.
മിക്ക ബസുകളിലും 3000-ത്തിനും 5000-ത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്ക്.
ഏറ്റവും കുറഞ്ഞനിരക്ക് 2,000 രൂപ. 21-നുള്ള ബസുകളിലും സമാനമായ നിരക്കാണ്.
നിരക്ക് ഇനിയും ഉയർന്നേക്കാനും സാധ്യതയുണ്ട്. സാധാരണദിവസങ്ങളിൽ എറണാകുളത്തേക്ക് 2000-ത്തിനും 2500-നും ഇടയിലാണ് ടിക്കറ്റ് നിരക്ക്.
20, 21 തീയതികളിൽ കോഴിക്കോട്ടേക്ക് പരമാവധി നിരക്ക് 3,000 രൂപ. എ.സി. സ്ലീപ്പർബസിനാണ് ഈ നിരക്ക്. നോൺ എ.സി. സെമിസ്ലീപ്പറിന് 1200-നും 1500-നും ഇടയിൽ നിരക്ക് ഈടാക്കുന്നുണ്ട്.
തിരുവനന്തപുരത്തേക്ക് പരമാവധി 4,500 രൂപ. മിക്ക ബസുകൾക്കും 4000-ത്തിനടുത്താണ് നിരക്ക്.
തീവണ്ടികളിലും ആർ.ടി.സി. ബസുകളിലും ടിക്കറ്റില്ലാത്തത് മുതലെടുത്താണ് സ്വകാര്യബസുകളുടെ നിരക്ക് വർധന.