ബെംഗളൂരു: മംഗളൂരുവിലെ മംഗളാദേവി ക്ഷേത്രം നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകൾ ഒരു വിഭാഗം വ്യാപാരികളെ പൂർണമായി ഒഴിവാക്കി ലേലം ചെയ്തതായി പരാതി.
ലേല നടപടി ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
സർക്കാറിന്റെ മതേതര മുഖത്തെ കനത്ത പ്രഹരമായി ഇത് മാറുകയാണ്.
സ്റ്റാളുകൾ ലേലത്തിന് വെച്ചപ്പോൾ 71 എണ്ണം ഒരാൾ ഒമ്പത് ലക്ഷം രൂപക്ക് വിളിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ വർഷത്തേക്കാൾ ആറ് ലക്ഷം രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ ക്ഷേത്രം ഭരണസമിതിക്ക് ലഭിക്കുന്നത്.
നഗരത്തിലെ തിരക്കേറിയ കാർ സ്ട്രീറ്റിലാണ് 71 സ്റ്റാളുകൾ.
ജില്ല കമ്മീഷണറുടെ ഉത്തരവ് പ്രകാരം ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ നേതൃത്വത്തിലാണ് ലേലം നടന്നത്.
ഇരുപത് വർഷമായി ക്ഷേത്രം ഉത്സവത്തിന് വ്യാപാരം നടത്തുന്ന തങ്ങൾക്ക് പോലും സ്റ്റാൾ അനുവദിച്ചില്ലെന്ന് റഫീഖ്, അബ്ദുൾ ഖാദർ, മുഹമ്മദ് ഷാരിഖ് എന്നിവർ പറഞ്ഞു.