ചെന്നൈ: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ ഭാര്യയും കാമുകനും അറസ്റ്റിൽ.
തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം നടന്നത്.
26 കാരിയായ വിനോദിനിയാണ് 23 കാരനായ കാമുകൻ ഭാരതിയുടെ സഹായത്തോടെ ഭർത്താവ് പ്രഭുവിനെ കൊലപ്പെടുത്തിയത്.
നവംബർ നാലിന് സുഖമില്ലാതെ കിടപ്പായ പ്രഭുവിന് വിനോദിനി ഉറക്കഗുളിക മരുന്നായി നൽകി.
പിന്നീട് ഭാരതിയും വിനോദിനിയും ചേർന്ന് പ്രഭുവിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
പിന്നീട് ഭാരതി തന്റെ സുഹൃത്തുക്കളായ റൂബൻ ബാബു, ദിവാകർ, ശർവാൻ എന്നിവരെ വിളിച്ചുവരുത്തി മൃതദേഹം ട്രിച്ചി-മധുര ഹൈവേക്ക് സമീപം കത്തിക്കാൻ പദ്ധതിയിട്ടു.
പക്ഷേ മഴ കാരണം പദ്ധതി നടന്നില്ല.
ഇതോടെ സംഘം പ്രഭുവിന്റെ മൃതദേഹം രണ്ട് കഷണങ്ങളാക്കി കാവേരി നദിയിലും കൊല്ലിടാം നദിയിലും ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
നവംബർ അഞ്ചിന് പൂക്കച്ചവടക്കാരനായ പ്രഭുവിനെ കാണാൻ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
സഹോദരൻ എവിടെ എന്ന് ചോദിച്ചപ്പോൾ തിരിച്ചെത്തിയില്ലെന്ന വിനോദിനിയുടെ മറുപടിയിൽ സംശയം തോന്നിയ സഹോദരൻ പ്രഭുവിന് വേണ്ടി അന്വേഷിച്ചിറങ്ങുകയായിരുന്നു.
പൂക്കച്ചവടം നടത്തുന്ന സ്ഥലത്തടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
തുടർന്ന് സമയപുരം പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ വിനോദിനിക്ക് ഭാരതിയുമായുള്ള വിവാഹേതര ബന്ധവും പ്രഭുവിനെ കൊല്ലാനുള്ള പദ്ധതിയും പോലീസ് കണ്ടെത്തി.