ബെംഗളൂരു: കുടക് ജില്ലയിലെ കുശാലനഗർ താലൂക്കിലെ ആനേക്കാടിന് സമീപം നിർത്തിയിട്ട കാറിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി.
മണ്ഡ്യ ജില്ല പാണ്ഡവപുര ശിവല്ലി ഗ്രാമത്തിൽ ഡോ. സതീഷ് (47) ആണ് മരണപ്പെട്ടത് .
സംസ്ഥാനത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കുന്ന ലിംഗാന്വേഷണ കേസുമായി (ഭ്രൂണഹത്യ കേസ്) സതീഷിൻറെ പേര് ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.
അതുകൊണ്ട് തന്നെ അന്വേഷണം ഭയന്ന് സംഭവത്തിൽ ആത്മഹത്യ ചെയ്തതാണോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.
ദേശീയ പാത 275ൽ ചുവന്ന കാറിലാണ് സതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൈസൂരു ജില്ലയിലെ ഹുൻസൂർ താലൂക്കിലെ കോൺസൂർ ആശുപത്രിയിലെ ഡോക്ടറായിരുന്നു ഡോ. സതീഷ്.
ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന സതീഷിന് ഹൃദയാഘാതം ഉണ്ടായതാണോ അതോ ആത്മഹത്യ ചെയ്തതാണോ എന്നുള്ള, ഇരട്ട ചോദ്യങ്ങൾ ആണ് ഇപ്പോൾ ഉയർന്നുവരുന്നത് .
ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
മൈസൂരിലെ കോൺസൂർ സർക്കാർ ആശുപത്രിയിൽ കരാറടിസ്ഥാനത്തിൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു സതീഷ്.
അടുത്തിടെ പുറത്തുവന്ന 1500 ഭ്രൂണഹത്യക്കേസിൽ സതീഷിന്റെ പേര് ഉന്നയിക്കപ്പെട്ടിരുന്നു.
ഈ കേസിൽ നിരവധി ഡോക്ടർമാരും ലാബ് ടെക്നീഷ്യൻമാരും ഏജന്റുമാരും അറസ്റ്റിലായിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ ഒരാൾ സതീഷിന്റെ പേര് പറഞ്ഞതായാണ് റിപ്പോർട്ട്.
സംസ്ഥാന സർക്കാർ ഇപ്പോൾ ഭ്രൂണഹത്യ കേസ് സിഐഡിക്ക് കൈമാറി. പിടിക്കപ്പെടുമെന്ന ഭയം മൂലമാകാം ഡോക്ടർ സതീഷ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന.