ചെന്നൈ : നഗരത്തിൽ കഴിഞ്ഞവർഷം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവുവന്നതായി സിറ്റി പോലീസ് കമ്മിഷണർ സന്ദീപ് റായ് റാത്തോഡ് അറിയിച്ചു. 99 ശതമാനം കേസിനും തീർപ്പുണ്ടാക്കാൻ കഴിഞ്ഞു.
പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കവരാൻവേണ്ടി മൂന്ന് കൊലപാതകങ്ങളാണ് 2023-ൽ നടന്നത്. 2022-ൽ ഇത്തരം നാല് കൊലപാതകങ്ങൾ നടന്നിരുന്നു.
അതിനു മുമ്പത്തെ വർഷം പത്തെണ്ണവും. കവർച്ചക്കേസുകളുടെഎണ്ണം കഴിഞ്ഞ വർഷം 276 ആയി കുറഞ്ഞു. 2022-ൽ അത് 361-ഉം 2021-ൽ 357-ഉം ആയിരുന്നു. 2021-ൽ 17 മാല പൊട്ടിക്കൽ കേസുകളാണുണ്ടായത്.
2022-ൽ 42-ഉം 2021-ൽ 46-ഉം ആയിരുന്ന സ്ഥാനത്താണിത്. മൊബൈൽഫോൺ തട്ടിപ്പറിച്ചതുമായി ബന്ധപ്പെട്ട 371 കേസുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർചെയ്തത്. മുൻ വർഷം 475-ഉം 2021-ൽ 393 കേസുകളുണ്ടായിരുന്നു.
പ്രധാന സ്ഥലങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചതും പരാതികളിൽ അതിവേഗം നടപടിയെടുത്തതുമാണ് കുറ്റകൃത്യങ്ങൾ കുറയാൻ സഹായിച്ചതെന്ന് ചെന്നൈയിൽ ഒരു ചടങ്ങിൽ സംസാരിക്കവേ കമ്മിഷണർ പറഞ്ഞു.
19 കോടി രൂപയുടെ മോഷണമുതലാണ് കഴിഞ്ഞവർഷം വീണ്ടെടുത്ത് ഉടമസ്ഥർക്ക് തിരിച്ചുനൽകിയത്. 3,337 പവൻ സ്വർണം, 50 കിലോ വെള്ളി, 3.6 കോടി രൂപ, 798 സെൽഫോൺ, 411 ഇരുചക്ര വാഹനങ്ങൾ എന്നിവ ഇതിൽപ്പെടുന്നു.
3,582 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി നശിപ്പിച്ചു. മയക്കുമരുന്നു കടത്തുകാരുമായി ബന്ധപ്പെട്ട് 896 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.