ചെന്നൈ : സൂര്യതാപമേറ്റ് ദിണ്ടിഗൽ ജില്ലയിലെ രണ്ടിടങ്ങളിലായി കുട്ടി ഉൾപ്പെടെ രണ്ടുപേർ മരിച്ചു.
ഈറോഡിൽനിന്ന് കുടുംബത്തോടൊപ്പം പഴനി ക്ഷേത്രത്തിലെത്തിയ വിശ്വാസ് (8), വേടത്തൂർ അത്തുമേടിൽ ശക്തിവേൽ (50) എന്നിവരാണ് മരിച്ചത്.
നേസലിംഗത്തിന്റെ മകൻ വിശ്വാസും കുടുംബവും വെള്ളിയാഴ്ച രാവിലെ പഴനിക്ഷേത്രം ദർശനം നടത്തിയശേഷം പടിയിറങ്ങി.
കടുത്തചൂടിൽ ക്ഷീണിതനായിരുന്ന വിശ്വാസ് അല്പസമയത്തിനുള്ളിൽ തലകറങ്ങിവീണു.
കുട്ടിയെ ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
ദിണ്ടിഗൽ ജില്ലയിലെ വേടത്തൂരിലെ അത്തുമേടിലെ ശക്തിവേൽ ബുധനാഴ്ച വയലിൽ ജോലിചെയ്യവേ ഉച്ചയ്ക്ക് 2.30-ഓടെ കുഴഞ്ഞുവീഴുകയായിരുന്നു.
തുടർന്ന് സമീപവാസികൾ വേടത്തൂരിലെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, വെള്ളിയാഴ്ച രാവിലെയോടെ മരിച്ചു.
37 ഡിഗ്രി ചൂടാണ് വെള്ളിയാഴ്ച ദിണ്ടിഗലിൽ രേഖപ്പെടുത്തിയത്. നീരാവിസാന്ദ്രതയും ഉയർന്നതോതിലാണ്.