ചെന്നൈ : വെള്ളിയാഴ്ച രാത്രി കോയമ്പത്തൂർ, നീലഗിരി ജില്ലകളിൽ കനത്ത മഴയെത്തി. മണിക്കൂറുകൾ മഴ തുടർന്നതോടെ പലയിടത്തും റോഡിലും വീടുകളിലും വെള്ളം കയറി.
മേട്ടുപ്പാളയം-ഊട്ടി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മരങ്ങളും വീണു.
ശനിയാഴ്ചമുതൽ മൂന്നുദിവസം അതിതീവ്രമഴ പെയ്യുമെന്നു കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നു.
കോയമ്പത്തൂരിൽ പില്ലൂർ ഡാം മേഖലയിലാണ് ഏറ്റവുംകൂടുതൽ മഴ ലഭിച്ചത്-170 മില്ലീമീറ്റർ. തൊണ്ടാമുത്തൂർ ഭാഗത്ത് 50 മില്ലീമീറ്ററും മഴപെയ്തു.
പീളമേട്-41, കാർഷിക സർവകലാശാല-27, മേട്ടുപ്പാളയം-30.5, സൂളൂർ-33, ശിരുവാണി അടിവാരം-24, കിണത്തുക്കടവ്-31, ആളിയാർ-51 മില്ലീമീറ്റർ എന്നിങ്ങനെ മഴ ലഭിച്ചു.
നീലിഗിരി ജില്ലയിൽ ശനിയാഴ്ച രാവിലെവരെയുള്ള 24 മണിക്കൂറിൽ ശരാശരി 37.93 മില്ലീമീറ്റർ മഴ പെയ്തതായാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്.
കനത്തമഴയിൽ ഒരു വീട് ഭാഗികമായി തകർന്നു. പലയിടത്തും മണ്ണിടിച്ചിലുണ്ടായി.
ജില്ലയിൽ ഏറ്റവുംകൂടുതൽ മഴ ലഭിച്ചത് കൂനൂരിലാണ്-171 മില്ലീമീറ്റർ. കീഴ് കോത്തഗിരിയിൽ 81 മില്ലീമീറ്ററും പെയ്തു.
ബർലിയാർ-78, കോത്തഗിരി-64, പന്തലൂർ-66, ഊട്ടി-6.9, അവലാഞ്ചി-17, ദേവാല-62 മില്ലീമീറ്റർ എന്നിങ്ങനെയും മഴപെയ്തു.വരുന്ന തിങ്കളാഴ്ച വരെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.