ചെന്നൈ : നരേന്ദ്രമോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്നതിന് നടനും ബി.ജെ.പി. നേതാവുമായ ശരത്കുമാർ ക്ഷേത്രത്തിൽ ശയനപ്രദക്ഷിണം നടത്തി.
വിരുദുനഗർ പരാശക്തി മാരിയമ്മൻ ക്ഷേത്രത്തിലാണ് പ്രദക്ഷിണം നടത്തിയത്. വിരുദുനഗർ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥിയായ ഭാര്യ രാധികയുടെ വിജയത്തിന് വേണ്ടി കൂടിയായിരുന്നു ശരത്കുമാറിന്റെ ശയനപ്രദക്ഷിണം.
അണ്ണാ ഡി.എം.കെ. യിലും ഡി.എം.കെ. യിലും പ്രവർത്തിച്ചിരുന്ന ശരത്കുമാർ 2007-ൽ സമത്വ മക്കൾകക്ഷി എന്ന പേരിൽ പുതിയ പാർട്ടി ആരംഭിച്ചിരുന്നു.
2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ. സഖ്യത്തിൽ മത്സരിച്ച പാർട്ടി രണ്ടു സീറ്റിൽ വിജയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് പാർട്ടി പിളർന്നതോടെ ശക്തി ക്ഷയിച്ചു.
ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സമത്വ മക്കൾ കക്ഷി, ബി.ജെ.പി. യിൽ ലയിച്ചത്. തുടർന്ന് രാധികയ്ക്ക് വിരുദുനഗറിൽ സീറ്റ് ലഭിക്കുകയും ചെയ്തു.