ചെന്നൈ : പൊതുസ്ഥലം കൈയേറിയെന്നാരോപിച്ച് നടനും രാഷ്ട്രീയനേതാവുമായ ശരത്കുമാറിന്റെ പേരിൽ നടൻ ധനുഷിന്റെ അമ്മ വിജയലക്ഷ്മി നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി വിശദീകരണംതേടി. ശരത്കുമാറിനോടും ചെന്നൈ കോർപ്പറേഷനോടുമാണ് വിശദീകരണം തേടിയത്.
ചെന്നൈയിലെ ടി. നഗർ രാജമന്നാർ സ്ട്രീറ്റിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ താമസക്കാർക്ക് പൊതുവായി ഉപയോഗിക്കാനുള്ള മുകൾനില ശരത്കുമാർ കൈയേറുകയും വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുകയുമാണെന്ന് വിജയലക്ഷ്മി ഹർജിയിൽ ആരോപിച്ചു.
പരാതിയുമായി താനും അപ്പാർട്ട്മെന്റിലെ താമസക്കാരും നേരത്തേ ചെന്നൈ കോർപ്പറേഷൻ അധികൃതരെ കണ്ടിരുന്നെങ്കിലും നടപടിയില്ലാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും വിജയലക്ഷ്മി വ്യക്തമാക്കി.
ഹർജിയിലെ തുടർവാദം ജൂലായ് ആദ്യവാരത്തിലേക്കു മാറ്റി. ശരത്കുമാറിന്റെ ഭാര്യ രാധികയ്ക്കൊപ്പം ‘തങ്കമകൻ’ എന്ന ചിത്രത്തിൽ ധനുഷ് അഭിനയിച്ചിട്ടുണ്ട്. എന്നാൽ, ധനുഷും ശരത്കുമാറും ഇതുവരെ സിനിമയിൽ ഒന്നിച്ചിട്ടില്ല.