ചെന്നൈ : ‘നാൻ മുതൽവൻ’ പദ്ധതിക്കുകീഴിൽ സംസ്ഥാനത്തെ 25 കോളേജ് വിദ്യാർഥികൾക്ക് ലണ്ടനിൽ പ്രത്യേകപരിശീലനം.
വിദ്യാർഥികൾ ഞായറാഴ്ച രാവിലെ ലണ്ടനിലേക്ക് യാത്രതിരിച്ചു. ലണ്ടനിലെ ന്യൂകാസ്റ്റിൽ സർവകലാശാലയിൽ ഇവർക്ക് നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ഡേറ്റ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ ഒരാഴ്ചത്തെ വിദഗ്ധപരിശീലനം ലഭിക്കും.
പരിശീലനപരിപാടിയിലേക്ക് 1267 വിദ്യാർഥികൾ അപേക്ഷിച്ചിരുന്നു. ഇവർക്കായി മത്സരപരീക്ഷയും അഭിമുഖവും നടത്തി. അതിൽനിന്ന് മികച്ച 25 പേരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്.
ചെന്നൈ വിമാനത്താവളത്തിൽനിന്ന് ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ രണ്ട് അധ്യാപകർക്കൊപ്പമാണ് വിദ്യാർഥികൾ യാത്രതിരിച്ചത്.
തങ്ങൾക്ക് ഇതിനുള്ള അവസരമൊരുക്കിയ തമിഴ്‌നാട് സർക്കാരിനോടും ബ്രിട്ടീഷ് കൗൺസിലിനോടും അവർ നന്ദി അറിയിച്ചു.
പരിശീലനം ജൂൺ 16-ന് സമാപിക്കും. 17-ന് വിദ്യാർഥികൾ ചെന്നൈയിലേക്ക് മടങ്ങും.
തമിഴ്നാട്ടിൽ പഠനമികവുപുലർത്തുന്ന വിദ്യാർഥികൾക്ക് ലോകോത്തര പരിശീലനം നൽകാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ‘നാൻ മുതൽവൻ’