പ്രത്യേക തീവണ്ടികൾ റദ്ദാക്കി : ടിക്കറ്റെടുക്കാത്ത യാത്രക്കാർ റിസർവ്ഡ് കോച്ചിൽ കയറിയതോടെ റിസർവ് ചെയ്ത യാത്രക്കാർക്ക് സീറ്റില്ല

0 0
Read Time:3 Minute, 26 Second

ചെന്നൈ : പ്രത്യേക തീവണ്ടികൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ ടിക്കറ്റെടുക്കാത്ത യാത്രക്കാർ പ്രതിദിന തീവണ്ടികളിലെ റിസർവ് ചെയ്ത കോച്ചുകളിൽ തിക്കിത്തിരക്കി കയറി.

ഇതോടെ റിസർവ്ഡ് കോച്ചുകളിലടക്കം ടിക്കറ്റെടുത്തവർക്ക് തീവണ്ടിയിൽ കയറാൻ കഴിഞ്ഞില്ല.

ചൊവ്വാഴ്ച ചെന്നൈ സെൻട്രൽ റെയിൽവേയിൽനിന്ന് പുറപ്പെട്ട ചെന്നൈ- ഹൗറ മെയിൽ (12840) തീവണ്ടിയിൽ ടിക്കറ്റ് റിസർവ് ചെയ്തവർക്കാണ് ഈ ദുരിതം നേരിടേണ്ടിവന്നത്.

സ്ലീപ്പർ കോച്ചിൽ റിസർവ് ചെയ്തവരിൽ കൂടുതൽ പേർക്കും തീവണ്ടിയിൽ കയറാൻ കഴിഞ്ഞില്ല. എ.സി. കോച്ചുകളിലും ടിക്കറ്റില്ലാത്ത യാത്രക്കാർ കയറി.

കൗണ്ടറുകളിൽനിന്ന് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് എടുത്തവരാണ് റിസർവ്ഡ് കോച്ചുകളിൽ കയറിയത്. ഇവരെ ടിക്കറ്റില്ലാത്ത യാത്രക്കാരായാണ് കണക്കാക്കുക.

ഹൗറയിലെ വിവാഹത്തിൽ പങ്കെടുക്കാനായി പോകുന്ന ഒരു കുടുംബത്തിലെ ഏഴ് പേർക്കും തീവണ്ടിയിൽ കയറാൻ കഴിഞ്ഞില്ല.

ടി.ടി.ഇ.മാർക്കും റെയിൽവേ സ്റ്റേഷനിലെ മറ്റ് ജീവനക്കാർക്കും റിസർവ്‌ഡ് കോച്ചിൽ കയറിയ വെയ്റ്റിങ് യാത്രക്കാരെ പുറത്താക്കാൻ കഴിഞ്ഞില്ലെന്ന് യാത്രക്കാർ കുറ്റപ്പെടുത്തി.

സംഭവമറിഞ്ഞിട്ടും ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ മാനേജർ വെയിറ്റിങ് ലിസ്റ്റ് യാത്രക്കാരെ ഇറക്കിവിടാൻ നടപടിയെടുത്തില്ലെന്നും റിസർവ് കോച്ചിൽ ബുക്ക് ചെയ്ത യാത്രക്കാർ പറഞ്ഞു.

റിസർവ് ചെയ്തിട്ടും തീവണ്ടിയിൽ കയറാൻ കഴിയാത്ത യാത്രക്കാരെ ബസിൽ ഹൈദരബാദിലേക്ക് കൊണ്ടുപോയി അവിടെനിന്ന് ഹൗറയിലേക്കുള്ള തീവണ്ടിയിൽ കയറ്റിവിടാൻ നടപടിയെടുത്തതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.

സംഭവം നടന്നതിനുശേഷം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ എല്ലാ പ്ലാറ്റ്‌ഫോമിലും കൂടുതൽ ആർ.പി.എഫ്., റെയിൽവേ പോലീസ് എന്നിവരെ നിയോഗിച്ചു.

അതേസമയം രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് അടുത്ത രണ്ടാഴ്ചത്തെ 50 പ്രത്യേക തീവണ്ടികൾ ദക്ഷിണ റെയിൽവേ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി റദ്ദാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച പ്രത്യേക തീവണ്ടികളാണ് റദ്ദാക്കിയത്. ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക തീവണ്ടികൾ റദ്ദാക്കിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts