മുൻമുഖ്യമന്ത്രി ജയലളിത തുടക്കമിട്ട അമ്മ ഉണവകങ്ങൾ; 11 വർഷത്തിനുശേഷം പുതിയ ഭക്ഷണവിഭവങ്ങൾ ഉൾപ്പെടുത്തും

0 0
Read Time:2 Minute, 25 Second

ചെന്നൈ : സാധാരണക്കാർക്ക് കുറഞ്ഞനിരക്കിൽ ഭക്ഷണം നൽകാനായി മുൻമുഖ്യമന്ത്രി ജയലളിത തുടക്കമിട്ട അമ്മ ഉണവകങ്ങൾ 11 വർഷത്തിനുശേഷം മുഖം മിനുക്കാനൊരുങ്ങുന്നു.

പുതിയ ഭക്ഷണവിഭവങ്ങൾ ഉൾപ്പെടെ ഒട്ടേറെ മാറ്റങ്ങൾവരുത്തി പ്രവർത്തനം മെച്ചപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. ആദ്യം ചെന്നൈയിൽ മാത്രമാവും ഇതു നടപ്പാക്കുക. പതുക്കെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.

അമ്മ ഉണവകങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ അറ്റകുറ്റപ്പണി നടത്തും. പഴകിയ അടുക്കളപ്പാത്രങ്ങളും ഫ്രിഡ്ജ്, ഗ്രൈൻഡർ, മിക്സി തുടങ്ങിയവയും മാറ്റി പുതിയതു വാങ്ങും. കാലൊടിഞ്ഞ തീൻമേശകൾ ഉൾപ്പെടെ ഫർണിച്ചറുകളും മാറ്റും. പുതിയ ഭക്ഷണവിഭവങ്ങൾ ഉൾപ്പെടുത്തി കൂടുതൽ ആളുകളെ ആകൃഷ്ടരാക്കും.

നിലവിൽ അമ്മ ഉണവകങ്ങളിൽ ഇഡ്ഡലിക്ക് ഒരു രൂപയാണ്. സാമ്പാർ ചോറ്, നാരങ്ങാ ചോറ്, തൈര് ചോറ് എന്നിവയ്ക്ക് അഞ്ചു രൂപയും രണ്ടു ചപ്പാത്തിക്കും പരിപ്പുകറിക്കും മൂന്നുരൂപയുമാണ് നിരക്ക്. സാധാരണക്കാർക്കും കൂലിത്തൊഴിലാളികൾക്കും മറ്റും ഏറെ ആശ്വാസംപകരുന്ന അമ്മ ഉണവകങ്ങളുടെ പരിപാലനം കുറേവർഷങ്ങളായി പരിതാപകരമാണ്. കെട്ടിടങ്ങൾ അറ്റകുറ്റപ്പണികളും പെയിന്റ് അടിക്കാതെയും പഴഞ്ചനായി. ഒടിഞ്ഞ മേശകളും വൃത്തിയില്ലാത്ത പാത്രങ്ങളും. ഇതൊക്കെ കാരണം ഭക്ഷണം കഴിക്കാനെത്തുന്നവർ കുറഞ്ഞു. ഈ സാഹചര്യത്തിലാണ് നവീകരിക്കാനുളള തീരുമാനം. ഇതിനായി അഞ്ചുകോടി രൂപയാണ് വകയിരുത്തിയത്.

ചെന്നൈ കോർപ്പറേഷൻ പരിധിയിൽ മാത്രം 391 അമ്മ ഉണവകങ്ങളുണ്ട്. പ്രതിവർഷം 120 കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവർത്തനം. 20 കോടിരൂപ വരുമാനമുണ്ടെങ്കിലും നടത്തിപ്പു ചെലവ് 140 കോടി രൂപയാണ്.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts