ചെന്നൈ : രാഷ്ട്രീയത്തിൽ തിരിച്ചുവരവ് പ്രഖ്യാപിച്ച് അണ്ണാ ഡി.എം.കെ. മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികല.
തുടർച്ചയായ തിരഞ്ഞെടുപ്പു പരാജയത്തെത്തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന പാർട്ടിയെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ശശികല പറഞ്ഞു.
ഭിന്നിച്ചുനിൽക്കുന്ന പാർട്ടി പ്രവർത്തകരെ ഒന്നിപ്പിക്കാൻ സംസ്ഥാനപര്യടനം നടത്തുമെന്നും വ്യക്തമാക്കി.
2021 നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുന്നതായി ശശികല പ്രഖ്യാപിച്ചത്.
പോയസ് ഗാർഡനിലെ വീട്ടിൽ അനുകൂലികളുമായി ചർച്ചനടത്തിയതിനു ശേഷമായിരുന്നു തിരിച്ചുവരവ് പ്രഖ്യാപിച്ചത്.
പാർട്ടി സ്ഥാപകൻ എം.ജി.ആറി.ന്റെ കാലംമുതൽ തനിക്ക് പാർട്ടിയിൽ നിർണായക സ്വാധീനമുണ്ടായിരുന്നുവെന്ന് ശശികല അവകാശപ്പെട്ടു.
പാർട്ടിയിൽനിന്ന് ആരെയും പുറത്താക്കാൻ എം.ജി.ആർ. ഒരിക്കലും തയ്യാറായിട്ടില്ല. ഇതേ പാതപിന്തുടർന്ന് എം.ജി.ആറി.ന്റെയും ജയലളിതയുടെയും യഥാർഥ രാഷ്ട്രീയ പിൻഗാമികൾ ഒന്നിക്കേണ്ട സമയമായിരിക്കുകയാണെന്ന് ശശികല പറഞ്ഞു.