ചെന്നൈ : വ്യാജരേഖ ചമച്ച് 100 കോടി രൂപയുടെ ഭൂമി തട്ടിയെടുത്തെന്ന കേസിൽ മുൻമന്ത്രി എം.ആർ. വിജയഭാസ്കറിന്റെ വീടുകൾ ഉൾപ്പെടെ എട്ടിടങ്ങളിൽ സി.ബി.സി.ഐ.ഡി. റെയ്ഡ് നടത്തി.
ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുത്തു. കേസിൽ എം.ആർ. വിജയഭാസ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കരൂർ ജില്ലാ സെഷൻസ് കോടതി ശനിയാഴ്ച തള്ളിയിരുന്നു. തുടർന്നാണ് റെയ്ഡ് ആരംഭിച്ചത്.
കരൂരിന് സമീപത്തെ വാഗലിലെ പ്രകാശിന്റെ 100 കോടിരൂപ വില മതിക്കുന്ന സ്ഥലം വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്നാണ് എം.ആർ. വിജയഭാസ്കറിനെതിരേയുള്ള കേസ്.
പ്രകാശ് നൽകിയ പരാതിയിലെടുത്ത കേസ് വിശദ അന്വേഷണത്തിനായി സി.ബി.സി.ഐ.ഡി.ക്ക് കൈമാറിയിരുന്നു.
മധുര, തിരുച്ചിറപ്പള്ളി, ദിണ്ടിഗൽ, നാമക്കൽ,സേലം ഉൾപ്പെടെയുള്ള എട്ടിടങ്ങളിൽ എം.ആർ. വിജയഭാസ്കറിന്റെയും കൂട്ടു പ്രതികളായ യുവരാജ്, രഘു, സെൽവരാജ് എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി.
ഏഴ് സംഘങ്ങളിലായി 30 സി.ബി.സി.ഐ.ഡി. ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.
കേസുമായി ബന്ധപ്പെട്ട് സി.ബി.സി.ഐ.ഡി. അന്വേഷണം ആരംഭിച്ചയുടനെ എം.ആർ. വിജയഭാസ്കർ ഒളിവിൽ പോയിരുന്നു. അദേഹത്തിനെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
തിരച്ചിൽ നടത്തിയിരുന്നെങ്കിലും അന്വേഷണോദ്യോഗസ്ഥർക്ക് എം.ആർ. വിജയഭാസ്കറിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.