ചെന്നൈ : അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ. വിജയിക്കണമെങ്കിൽ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് വിമതനേതാവ് ഒ. പനീർശെൽവം അഭിപ്രായപ്പെട്ടു.
പാർട്ടി അണികളെ വഞ്ചിച്ചയാളാണ് പളനിസ്വാമിയെന്നും ഒ.പി.എസ്. കുറ്റപ്പെടുത്തി.
പാർട്ടി തകർക്കാൻ ശ്രമിച്ച ചതിയനാണ് ഒ.പി.എസ്. എന്ന് പളനിസ്വാമി കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് പളനിസ്വാമിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്.
‘‘വഞ്ചന, കാപട്യം, നന്ദികേട് എന്നിവയുടെ ആൾരൂപമാണ് പളനിസ്വാമി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ നിർദേശിച്ചവരെയും ഭരണം നിലനിർത്താൻ സഹായിച്ചവരെയും അദ്ദേഹം വഞ്ചിച്ചു.
എന്നിട്ട് എനിക്കെതിരേ ഗീബൽസിനെപ്പോലെ കള്ളപ്രചാരണം തുടരുകയാണ്.’’- ഒ.പി.എസ്. പറഞ്ഞു.
‘‘പാർട്ടിയുടെ നേതൃത്വം പളനിസ്വാമി ഏറ്റെടുത്തതുമുതൽ അണ്ണാ ഡി.എം.കെ. തിരഞ്ഞെടുപ്പുകളിൽ തോൽക്കുകയാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ഏഴു സീറ്റിൽ പാർട്ടിക്ക് കെട്ടിവെച്ച പണം നഷ്ടമായി. 12 സീറ്റിൽ മൂന്നാംസ്ഥാനത്തേക്കും ഒരിടത്ത് നാലാം സ്ഥാനത്തേക്കും തള്ളപ്പെട്ടു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ജയിക്കണമെങ്കിൽ പളനിസ്വാമിയെ പാർട്ടിയിൽനിന്ന് പുറത്താക്കണം. പാർട്ടിയുടെ ഐക്യത്തിനുവേണ്ടി ത്യാഗം ചെയ്യാൻ ഞാൻ തയ്യാറാണ്. പളനിസ്വാമി അതിന് തയ്യാറുണ്ടോ?’ – ഒ.പി.എസ്. ചോദിച്ചു.