കോയമ്പത്തൂർ : വാൽപ്പാറയിലും പൊള്ളാച്ചിയിലും മഴക്കെടുതിയിൽ മൂന്നുപേർ മരിച്ചു. വാൽപ്പാറയിൽ മണ്ണിടിച്ചിലിൽ സ്ത്രീയും കൊച്ചുമകളും പൊള്ളാച്ചിയിൽ ചുമരിടിഞ്ഞ് വിദ്യാർഥിയുമാണ് മരിച്ചത്.
ഷോളയാർ ഡാമിനുസമീപം മുക്ക് റോഡിൽ താമസിച്ചിരുന്ന അറുമുഖന്റെ ഭാര്യ രാജേശ്വരി (57), കൊച്ചുമകൾ എ. ധനപ്രിയ (15) എന്നിവരാണ് മരിച്ചത്.
സെക്യൂരിറ്റി ജീവനക്കാരനായ അറുമുഖൻ തിങ്കളാഴ്ച രാത്രി ജോലിക്ക് പോയതായിരുന്നു. ഈസമയം രാജേശ്വരിയും ധനപ്രിയയുമാണ് വീട്ടിലുണ്ടായിരുന്നത്.
മൺഭിത്തിയുള്ള ഷീറ്റുമേഞ്ഞ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ കനത്തമഴയിൽ സമീപത്തെ മണ്ണിടിഞ്ഞ് ഇവരുടെ വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.
രാവിലെ ആറുമണിക്കാണ് സമീപവാസികൾ സംഭവമറിയുന്നത്. പോലീസും അഗ്നിരക്ഷാസേനയുമെത്തിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. ധനപ്രിയ പത്താംക്ലാസ് വിദ്യാർഥിനിയാണ്. ശേഖൽമുടി പോലീസ് കേസെടുത്തു.
പൊള്ളാച്ചി തിപ്പംപട്ടി അണ്ണാനഗറിൽ വീടിന്റെ ചുമരിടിഞ്ഞ് അൻപാലകന്റെ മകൻ ഹരിഹരസുതനാണ് (21) മരിച്ചത്. ചൊവ്വാഴ്ച വെളുപ്പിന് കനത്തമഴയിൽ ഇവരുടെ വീടിനോട് ചേർന്നുള്ള വീട് തകർന്നിരുന്നു.
ഈ വീടിന്റെ ഭാഗങ്ങൾ ഹരിഹരസുതന്റെ വീടിന് മുകിലേക്കാണ് വീണത്. ഇതോടെ, ഹരിഹരസുതൻ മണ്ണിനടിയിൽ കുടുങ്ങി. അൻപാലകനും അയൽവാസികളും ചേർന്ന് ഹരിഹരസുതനെ മണ്ണിനടിയിൽനിന്ന് പുറത്തെടുത്ത് പൊള്ളാച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗോമംഗലം പോലീസ് കേസെടുത്തു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൂന്നുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.