ചെന്നൈ : സ്വന്തം കുറ്റകൃത്യ പശ്ചാത്തലത്താൽ ജീവനു ഭീഷണി നേരിടുന്നവർ പോലീസ് സംരക്ഷണത്തിന് അർഹരല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു.
സ്ഥിതിഗതികൾ പരിശോധിച്ച്, ഉചിതമായ സാഹചര്യങ്ങളിൽ മാത്രമാണ് കോടതികൾ പോലീസ് സംരക്ഷണത്തിന് ഉത്തരവിടേണ്ടതെന്ന് ജസ്റ്റിസ് എസ്.എസ്. സുന്ദറും ജസ്റ്റിസ് എൻ. സെന്തിൽകുമാറുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
“നമ്മുടെ രാജ്യത്ത് അഴിമതിക്കും സാമൂഹികതിന്മകൾക്കുമെതിരേ വാർത്ത കൊടുത്തതിന്റെ പേരിൽ എത്രയോ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്.
അനധികൃത മണൽഖനനം തടഞ്ഞതിന്റെ പേരിൽ എത്രയോ സർക്കാർ ഉദ്യോഗസ്ഥർക്കു ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരമാളുകൾക്ക് പോലീസ് സംരക്ഷണം നൽകുന്ന കാര്യം പരിഗണിക്കണം.
അതല്ലാതെ, സ്വന്തംചെയ്തികൾ വഴി ഭീഷണി ക്ഷണിച്ചു വാങ്ങുന്നവർക്കല്ല സർക്കാർച്ചെലവിൽ പോലീസ് സംരക്ഷണം നൽകേണ്ടത്” -കോടതി പറഞ്ഞു.
തനിക്കുള്ള പോലീസ് സംരക്ഷണം പിൻവലിച്ച ജില്ലാ പോലീസ് സൂപ്രണ്ടിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് സ്റ്റാലിൻ ഭാരതി എന്നയാൾ നൽകിയ ഹർജി തള്ളിയാണ് കോടതി വിധി.
അഭിഭാഷകനും സി.പി.ഐ. പ്രവർത്തകനുമാണ് ഭാരതി. പാർട്ടിപ്രവർത്തകനായിരുന്ന ഭാരതിയുടെ അച്ഛനെ റൗഡിയായ ബൂവനൂർ രാജ്കുമാർ വധിച്ചു. ഇതേത്തുടർന്ന് ഭാരതിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി.
പിന്നീട് രാജ്കുമാർ കൊല്ലപ്പെടുകയും അതിൽ ഭാരതി പ്രതിചേർക്കപ്പെടുകയും ചെയ്തപ്പോൾ സംരക്ഷണം പിൻവലിച്ചു.
ഒരു കൊലക്കേസിൽ പ്രതിചേർക്കപ്പെട്ടു എന്നതിന്റെ പേരിൽ തനിക്കുള്ള സംരക്ഷണം പിൻവലിക്കാനാവില്ലെന്നായിരുന്നു ഭാരതിയുടെ വാദം.
എന്നാൽ, ഇയാളുടെ പേരിൽ 22 കേസുകളുണ്ടെന്നും രാജ്കുമാർ വധത്തിൽ നിർണായക പങ്കുണ്ടെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു.
പോലീസ് സംരക്ഷണത്തിന്റെ ചെലവ് താൻ വഹിക്കാമെന്ന് ഭാരതി പറഞ്ഞെങ്കിലും അതും ആലോചിച്ച് തീരുമാനിക്കേണ്ട വിഷയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.