ചെന്നൈ : എഗ്‌മോറിൽനിന്ന് ചെന്നൈ ബീച്ചിലേക്കുള്ള നാലാംപാതയുടെ നിർമാണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ചെന്നൈ ഡിവിഷൻ മാനേജർ ബി. വിശ്വനാഥ് ഈര്യ അറിയിച്ചു.
നാലാംപാതയുടെ പ്രവൃത്തിക്കായി ചിന്താദിരിപ്പേട്ടയ്ക്കും ചെന്നൈ ബീച്ചിനുമിടയിൽ നിർത്തിവെച്ച മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (എം.ആർ.ടി.എസ്.) സർവീസ് ഒക്‌ടോബർ രണ്ടാംവാരത്തോടെ ആരംഭിക്കുമെന്നും ചെന്നൈ ഡിവിഷൻ മാനേജർ ബി. വിശ്വനാഥ് ഈര്യ പത്രസമ്മേളനത്തിൽ അറിയിച്ചു.
4.50 കിലോമീറ്റർ ദൂരത്തിൽ 292 കോടിരൂപ ചെലവിൽ 2023 ഓഗസ്റ്റിലാണ് നാലാംപാതയുടെ പ്രവൃത്തി ആരംഭിച്ചത്. 2024 മാർച്ചിൽ പ്രവൃത്തികൾ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കുമെന്നാണ് റെയിൽവേ അറിയിച്ചിരുന്നത്.
എന്നാൽ, നാലാംപാത കടന്നുപോകുന്ന വഴിയിൽ 110 മീറ്റർ ദൂരത്തിൽ നാവികസേനയുടെ സ്ഥലം വിട്ടുകിട്ടാൻ വൈകിയിരുന്നു.
ഇപ്പോൾ സ്ഥലം റെയിൽവേക്ക് വിട്ടുകിട്ടാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്.
അനുമതി ഏതാനും ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും പെരമ്പൂരിലെ നിർദിഷ്ട നാലാം റെയിൽവേ ടെർമിനലിന്റെ രൂപരേഖ ഉടൻ തയ്യാറാക്കുമെന്നും ചെന്നൈ ഡിവിഷൻ മാനേജർ പറഞ്ഞു. .