ചെറിയ പിഴവുകള്‍ക്ക് പോലും വലിയ ശിക്ഷ നല്‍കുന്നു എന്നാരോപിച്ചാണ് സ്‌കൂള്‍ അധികൃതര്‍ക്കു നേരെ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. മധ്യപ്രദേശിലെ ഭോപാലിലുള്ള സരോജിനി നായിഡു ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് പ്രതിഷേധിച്ചത്. സ്‌കൂളിലെ ജനലുകളും ഫാനുകളും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
മണിക്കൂറുകളോളം വെയിലത്ത് നിര്‍ത്തുന്നതടക്കമുളള കടുത്ത ശിക്ഷകളാണ് നല്‍കുന്നതെന്നാണ് വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നത്. ക്ലാസ് മുറികളും സ്‌കൂള്‍ പരിസരവും നിര്‍ബന്ധിച്ച് വൃത്തിയാക്കിക്കുന്നതായും ആരോപണമുണ്ട്. ദൂരത്ത് നിന്നും എത്തുന്നവരാണ് എന്ന പരിഗണന പോലും നല്‍കാതെ താമസിച്ച് എത്തിയാല്‍ ഗേറ്റിന് പുറത്ത് നിര്‍ത്തുകയാണ് പതിവ്. വിദ്യാര്‍ഥികളെ ശിക്ഷിക്കാന്‍ മാത്രം ഒരു വിരമിച്ച പട്ടാളക്കാരനെ സ്‌കൂളില്‍ നിയമിച്ചതായും പ്രതിഷേധക്കാര്‍ ആരോപിച്ചു.
വിദ്യാര്‍ഥിനികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി നാട്ടുകാരും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ പോലീസ് എത്തിയാണ് സംഘര്‍ഷ സാധ്യതയില്‍ അയവ് വരുത്തിയത്. സ്‌കൂളിന്റെ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥയായ വര്‍ഷയെ വിദ്യാഭ്യാസവകുപ്പ് നീക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥയോട് അനിശ്ചിതകാല അവധിയില്‍ പോകാനും നിര്‍ദ്ദേശിച്ചു. സംസ്ഥാന വ്യാപകമായി ഇതില്‍ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.