ഡൽഹി: സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു.
ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു.
കടുത്ത പനിയെ തുടർന്ന് ആഗസ്ത് 19 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ മൾട്ടി ഡിസിപ്ലിനറി ടീമിന്റെ മേൽനോട്ടത്തിലായിരുന്നു പരിചരണം. ഇടയ്ക്ക് നില മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ഗുരുതരാവസ്ഥയിലായി.
ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ജനകീയ മുന്നേറ്റങ്ങൾക്കായി പാകപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തം ദാർശനിക വ്യക്തതയോടെ നിർവഹിച്ച നേതാവായിരുന്നു യെച്ചൂരി. അടിയന്തരാവസ്ഥക്കാലത്തിന്റെ തീച്ചൂടിൽ സമര പോരാട്ടങ്ങളിലൂടെ സ്ഫുടം ചെയ്തെടുത്ത രാഷ്ട്രീയ പ്രവർത്തകനാണ്.
പ്രമുഖ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ സീമ ചിസ്തി ഭാര്യയാണ്. യുകെയിൽ സർവകലാശാല അധ്യാപികയായ അഖില യെച്ചൂരി, മാധ്യമപ്രവർത്തകൻ പരേതനായ ആശിഷ് യെച്ചൂരി എന്നിവർ മക്കളാണ്.