ചെന്നൈ : സംസ്ഥാനങ്ങളുടെ അവകാശത്തിനായുള്ള പോരാട്ടം ശക്തമായി തുടരുമെന്നും അവ സംരക്ഷിക്കാൻ ഭരണഘടനാഭേദഗതി വേണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഡി.എം.കെ. വജ്രജൂബിലി ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളുടെ അവകാശങ്ങളെ മാനിക്കുന്ന സർക്കാരല്ല കേന്ദ്രത്തിലുള്ളത്. ക്രീം ബണ്ണിന് എത്രയാണ് നികുതിയെന്ന് ചോദിക്കാൻപോലും കഴിയാത്ത സ്ഥിതിയാണെന്ന് കഴിഞ്ഞദിവസം കോയമ്പത്തൂരിൽനടന്ന സംഭവം ചൂണ്ടിക്കാട്ടി സ്റ്റാലിൻ പരിഹസിച്ചു.
ഇനിയും പോരാട്ടം തുടരണം. ഡി.എം.കെ. സ്ഥാപകരായ അണ്ണാദുരൈയും കരുണാനിധിയും പിന്തുടർന്ന മാർഗത്തിൽ മുന്നോട്ടുപോകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
തമിഴ്നാടിനെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി മാറ്റിയത് ദ്രാവിഡ മാതൃകാ ഭരണമാണ്. പിന്നാക്കവിഭാഗങ്ങളുടെയും സാധാരണക്കാരുടെയും ജീവിതത്തിൽ വലിയ മുന്നേറ്റം കൊണ്ടുവരാൻ ഡി.എം.കെ.യുടെ ഭരണത്തിന് സാധിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ കാണുന്ന എല്ലാ വികസനത്തിനുപിന്നിലും ഡി.എം.കെ.യുണ്ട്. തമിഴകത്തിന് തമിഴ്നാട് എന്ന പേര് നൽകിയത് ഡി.എം.കെ. നേതൃത്വത്തിലുള്ള സർക്കാരാണ്.
തമിഴ് ശ്രേഷ്ഠഭാഷാപദവി നേടിയതും ഡി.എം.കെ. സർക്കാരിന്റെ പ്രവർത്തനഫലമാണ്. രജതജൂബിലിയും സുവർണജൂബിലിയും ഇപ്പോൾ വജ്രജൂബിലിയും ആഘോഷിച്ചപ്പോഴും പാർട്ടി അധികാരത്തിലുണ്ട്. ശതാബ്ദി ആഘോഷിക്കുമ്പോഴും അധികാരത്തിലുണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവർത്തിക്കാൻ സ്റ്റാലിൻ പ്രവർത്തകരോട് ആഹ്വാനംചെയ്തു. തമിഴ്നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക, രാഷ്ട്രീയ സേവനത്തിനുള്ള വിവിധ പുരസ്കാരങ്ങളും സ്റ്റാലിൻ വിതരണംചെയ്തു.
പെരിയാർ പുരസ്കാരം ജൈവകർഷക പാപ്പമ്മാളിനും അണ്ണാ പുരസ്കാരം മിസാ രാമനാഥനും കലൈഞ്ജർ പുരസ്കാരം ജഗത് രക്ഷകൻ എം.പി.ക്കും ഭാരതീദാസൻ പുരസ്കാരം തമിഴ്ദാസനും പുതുതായി ഏർപ്പെടുത്തിയ എം.കെ. സ്റ്റാലിൻ പുരസ്കാരം എസ്.എസ്. പളനിമാണിക്യത്തിനും സമ്മാനിച്ചു.
ഡി.എം.കെ. ജനറൽ സെക്രട്ടറി ദുരൈമുരുകൻ, ഖജാൻജി ടി.ആർ. ബാലു, െഡപ്യൂട്ടി ജനറൽ സെക്രട്ടറിമാരായ എ. രാജ, കനിമൊഴി, ഓർഗനൈസിങ് സെക്രട്ടറി ആർ.എസ്. ഭാരതി, മന്ത്രിമാരായ എം. സുബ്രഹ്മണ്യൻ, കെ. പൊൻമുടി, ഐ. പെരിയസാമി, ഉദയനിധി സ്റ്റാലിൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഡി.എം.കെ.യുടെ വജ്രജൂബിലി ആഘോഷത്തിൽ കരുണാനിധിയും പ്രസംഗിച്ചു. നിർമിതബുദ്ധി (എ.ഐ.) ഉപയോഗപ്പെടുത്തിയാണ് യോഗത്തിൽ ‘കരുണാനിധി’ പ്രത്യക്ഷപ്പെട്ടത്.
യോഗം തുടങ്ങുന്നതിനുമുൻപ് വേദിയിൽ തെളിഞ്ഞ സ്ക്രീനിലാണ് കരുണാനിധിയുടെ തത്സമയപ്രസംഗം സംപ്രേക്ഷണംചെയ്തത്. സ്റ്റാലിനെയും നിലവിലെ ഡി.എം.കെ. സർക്കാരിനെയും പ്രകീർത്തിക്കുന്നതായിരുന്നു പ്രസംഗം.
സദസ്സിന്റെ മുന്നിൽ പ്രത്യേകം ക്രമീകരിച്ചിരുന്ന രണ്ടുകസേരകളിൽ ഒന്നിൽ മുഖ്യമന്ത്രി സ്റ്റാലിൻ ഇരുന്നു. തൊട്ടടുത്തുള്ള കസേര ഒഴിച്ചിട്ടിരിക്കുകയായിരുന്നു.
ഈ കസേരയിൽ കരുണാനിധി ഇരുന്നുകൊണ്ട് പ്രസംഗിക്കുന്നവിധത്തിലുള്ള എ.ഐ. ദൃശ്യമാണ് സംപ്രേക്ഷണംചെയ്തത്.
ഇതിനുമുൻപും ഡി.എം.കെ. ഇത്തരത്തിൽ കരുണാനിധിയുടെ എ.ഐ. പ്രസംഗങ്ങൾ യോഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.