ചെന്നൈ : അഞ്ചുമാസം മുൻപ് മരിച്ച അച്ഛന്റെ പൂർണകായ മെഴുകുപ്രതിമയെ സാക്ഷിയാക്കി മകൻ വധുവിന്റെ കഴുത്തിൽ താലിചാർത്തി.
മധുര ഉസിലംപട്ടി വളങ്കാങ്കുളം ഗ്രാമത്തിലുള്ള ശിവരാമനാണ് അച്ഛൻ പിന്നതേവരുടെ പ്രതിമ വിവാഹമണ്ഡപത്തിൽ സ്ഥാപിച്ചത്.
തന്റെ വിവാഹം അച്ഛന്റെ വലിയആഗ്രഹമായിരുന്നുവെന്നും മണ്ഡപത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകാനാണ് പ്രതിമ സ്ഥാപിച്ചതെന്നും ശിവരാമൻ പറഞ്ഞു.
മൂത്തമകൻ ശിവരാമനുവേണ്ടി വിവാഹാലോചനകൾ നടക്കുന്നതിനിടെയാണ് പച്ചക്കറി വ്യാപാരിയായിരുന്ന പിന്നതേവർ മരിച്ചത്. ഏപ്രിലിൽ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്നാണ് മരണം. പിന്നതേവരുടെ മരണശേഷവും ആലോചനകൾ തുടരുകയും ഒട്ടംഛത്രം സ്വദേശിനി ശിവശരണിയുമായി വിവാഹം നിശ്ചയിക്കുകയുമായിരുന്നു. ഒന്നര ലക്ഷം രൂപ മുടക്കിയാണ് മെഴുകുപ്രതിമ തയ്യാറാക്കിയത്.
വിവാഹത്തിന് തൊട്ടുമുൻപ് പ്രതിമ മണ്ഡപത്തിൽ എത്തിക്കുകയും പിന്നീട് ചടങ്ങുകൾ നടത്തുകയുമായിരുന്നു. ചടങ്ങുകൾ പൂർത്തിയായശേഷം വധൂവരന്മാർ പ്രതിമയുടെ കാൽതൊട്ടു വണങ്ങി. ശിവരാമന്റെ അമ്മ ജയ അടക്കം ബന്ധുക്കൾ നിറകണ്ണുകളോടെയാണ് ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ചത്.