ചെന്നൈ : മിശ്രവിവാഹംകഴിച്ച യുവാവിനെ ആക്രമിച്ചസംഭവത്തിൽ നാം തമിഴർ കക്ഷി (എൻ.ടി.കെ.) പ്രചാരണസെക്രട്ടറി അരുണഗിരി(45)യെയും മറ്റ് മൂന്നുപേരെയും പോലീസ് അറസ്റ്റുചെയ്തു. തിരുച്ചിറപ്പള്ളിയിലെ ദളിത് വിഭാഗത്തിൽപ്പെട്ട സന്തോഷി(24)നെ ആക്രമിച്ച കേസിലാണ് നടപടി.
സന്തോഷ് ഇതരജാതിയിൽപ്പെട്ട പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. പിന്നീട്, സന്തോഷും പെൺകുട്ടിയുംതമ്മിൽ കഴിഞ്ഞ തിങ്കളാഴ്ച രജിസ്റ്റർ വിവാഹംകഴിച്ച് മധുരയിലേക്കുപോയി. എന്നാൽ, അരുണഗിരിയും മറ്റ് ആറുപേരുംചേർന്ന് സന്തോഷിനെയും പെൺകുട്ടിയെയും കണ്ടെത്തി രക്ഷിതാക്കളെ തിരികെയേൽപ്പിച്ചു.
തുടർന്ന്, സന്തോഷിനെ ക്രൂരമായി ആക്രമിച്ചു. സന്തോഷിന്റെ കൈയിലുണ്ടായിരുന്ന 20,000 രൂപയും മൊബൈൽ ഫോണും കവർന്നു. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷ് ഇപ്പോൾ തിരുച്ചിറപ്പള്ളി മഹാത്മാ ഗാന്ധി മെമ്മോറിയൽ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മനപ്പാറൈ നിയോജകമണ്ഡലത്തിൽനിന്ന് മത്സരിച്ച അരുണഗിരി രണ്ടുവർഷംമുൻപുവരെ സ്വകാര്യ കോളേജിൽ അധ്യാപകനായി ജോലിചെയ്തിരുന്നു.