തൃശൂർ:കയ്പമംഗലത്ത് കോയമ്പത്തൂർ സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ ആംബുലൻസിൽ ഉപേക്ഷിച്ചു.
കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി 40 വയസ്സുള്ള അരുൺ ആണ് കൊല്ലപ്പെട്ടത്.
റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട 10 ലക്ഷം രൂപ തിരികെ പിടിക്കുന്നതിനായിരുന്നു ആക്രമണം എന്നാണ് പോലീസ് പറയുന്നത്.
കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.
വടക്ക് ഭാഗത്ത് നിന്ന് വന്ന കാറിൽ നിന്ന് നാല് പേരടങ്ങുന്ന സംഘം അപകടത്തിൽ പരിക്ക് പറ്റിയെന്ന് പറഞ്ഞ് ആംബുലൻസ് വിളിച്ച് വരുത്തി അരുണിനെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.
ആശുപത്രിയിലേക്ക് ആംബുലൻസിന് പിന്നാലെ എത്താമെന്ന് പറഞ്ഞ് സംഘം മുങ്ങി. ആശുപത്രിയിലെത്തുമ്പോൾ അരുൺ മരിച്ചിരുന്നു.
സംഭവത്തെ തുടർന്ന് കയ്പമംഗലം പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അരുണിന്റെ മരണം കൊലപാതകം എന്ന് കണ്ടെത്തിയത്.
പാലിയേക്കരയിലേക്ക് വിളിച്ചു വരുത്തിയ അരുണിനെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് മർദ്ദിച്ച ശേഷം കാറിൽ കയറ്റി വരുന്നതിനിടെയാണ് കയ്പമംഗലത്ത് വെച്ച് ആംബുലൻസ് വിളിച്ച് ആംബുലൻസിൽ കയറ്റി വിട്ടത്.
പോലീസിന്റെ അന്വേഷണത്തിൽ മർദ്ദിച്ച നാലുപേരും കണ്ണൂർ സ്വദേശികൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കണ്ണൂരിലെത്തിയ കയ്പമംഗലം പോലീസ് നാലുപേർക്കുമായി അന്വേഷണം ഊർജ്ജിതമാക്കി.