ചെന്നൈ : അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ കൈകൾക്ക് ശക്തിപകരണമെന്ന ആഹ്വാനവുമായി അന്തരിച്ച നേതാവ് ജയലളിതയുടെ ശബ്ദസന്ദേശം.
നിർമിത ബുദ്ധിയുടെ (എ.ഐ.) സഹായത്തോടെ ജയയുടെ ശബ്ദം പുനഃസൃഷ്ടിച്ചാണ് അണ്ണാ ഡി.എം.കെ. നേതൃത്വം സന്ദേശം തയ്യാറാക്കിയത്.
ശനിയാഴ്ച ജയലളിതയുടെ ജന്മദിനത്തിൽ പാർട്ടി ആസ്ഥാനത്തെത്തിയ എടപ്പാടിയും നേതാക്കളും അവർക്ക് ആദരാഞ്ജലിയർപ്പിച്ചതിനുശേഷമാണ് ശബ്ദസന്ദേശം പുറത്തുവിട്ടത്.
പാർട്ടി പ്രവർത്തകരോട് സംസാരിക്കാൻ അവസരമൊരുക്കിയ സാങ്കേതികവിദ്യയ്ക്കു നന്ദി പറയുന്ന ജയലളിത അണ്ണാ ഡി.എം.കെ. ഭരണകാലത്ത് കൈക്കൊണ്ട ജനക്ഷേമ പരിപാടികളെപ്പറ്റി വിവരിക്കുന്നു.
ഇപ്പോഴത്തെ കേന്ദ്രസർക്കാരിനെയും സംസ്ഥാന സർക്കാരിനെയും വിമർശിക്കുന്നു. സഹോദരൻ എടപ്പാടിയുടെ കരങ്ങൾക്ക് ശക്തി പകരാൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നു.
സാമൂഹികമാധ്യമങ്ങളിൽ അണ്ണാ ഡി.എം.കെ. പ്രവർത്തകർ വൻ പ്രചാരമാണ് ശബ്ദസന്ദേശത്തിന് നൽകുന്നത്.