ചെന്നൈ : തീവണ്ടിയിൽ 180 കോടി രൂപ വിലവരുന്ന 30 കിലോ മെത്താഫെറ്റാമിൻ കടത്തിയ സംഭവത്തിൽ അറസ്റ്റിലായ ദമ്പതിമാരെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ.) നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മധുരയിലെ നാർകോട്ടിക് പ്രത്യേക കോടതിയാണ് പ്രകാശ് (40), ഭാര്യ മോണിഷ (34) എന്നിവരെ റിമാൻഡ് ചെയ്തത്.
ചെന്നൈയിൽനിന്ന് ചെങ്കോട്ടയിലേക്കുള്ള പൊതികെ എക്സ്പ്രസിൽ മെത്താഫെറ്റാമിൻ കൊണ്ടുപോകുന്നുണ്ടെന്ന് അറിഞ്ഞതിനെത്തുടർന്ന് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് പ്രകാശ് അറസ്റ്റിലായത്.
തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ ചെന്നൈയിലെ കൊടുങ്ങയ്യൂരിലെ വീട്ടിൽ ആറുകിലോ മെത്താഫെറ്റാമിൻ സൂക്ഷിച്ചിട്ടുണ്ടെന്ന് മൊഴി നൽകി.
ഡി.ആർ.ഐ. ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ, മോണിഷ വീട്ടിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് മാലിന്യക്കൂമ്പാരത്തിലേക്ക് തള്ളിയിരുന്നു. തുടർന്നാണ് മോണിഷയെ അറസ്റ്റുചെയ്തത്.
മധുരയിലുള്ള യേശുദാസ് എന്നയാൾക്ക് നൽകാനാണ് പ്രകാശ് മയക്കുമരുന്ന് കൊണ്ടുപോയിരുന്നത്. യേശുദാസിനെ പിടികൂടാൻ അന്വേഷണം നടത്തിവരുകയാണ്.