ചെന്നൈ : 135 പേർ നാമനിർദേശപത്രിക പിൻവലിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ 950 സ്ഥാനാർഥികൾ മത്സരിക്കും.
2019-ലെ തിരഞ്ഞെടുപ്പിൽ 845 പേരാണ് കളത്തിലുണ്ടായിരുന്നത്. ഇത്തവണ 105 പേർ അധികം.
അന്തിമസ്ഥാനാർഥിപ്പട്ടികപ്രകാരം മത്സരരംഗത്തുള്ളവരിൽ 874 പേർ പുരുഷന്മാരും 76 പേർ വനിതകളുമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സത്യബ്രത സാഹു അറിയിച്ചു.
കരൂർ മണ്ഡലത്തിലാണ് കൂടുതൽ സ്ഥാനാർഥികൾ 54 പേർ.
ഒമ്പതുപേർ മത്സരിക്കുന്ന നാഗപട്ടണത്താണ് ഏറ്റവുംകുറവ് സ്ഥാനാർഥികൾ.
ഏറ്റവുമധികംപേർ പത്രിക പിൻവലിച്ചത് ഈറോഡിലാണ് -16 എണ്ണം.
വടക്കൻ ചെന്നൈയിൽ പിൻവലിച്ചത് 14 പത്രികകളാണ്. തിരുവള്ളൂർ, കള്ളക്കുറിച്ചി, നീലഗിരി, പെരമ്പല്ലൂർ, കടലൂർ, മയിലാടുതുറൈ, നാഗപട്ടണം, മധുര, വിരുദുനഗർ മണ്ഡലങ്ങളിൽ ഒരു പത്രികപോലും പിൻവലിച്ചിട്ടില്ല.
കൂടുതൽ സ്ഥാനാർഥികളുള്ള കരൂരിൽ ഒരു ബൂത്തിൽ നാല് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കും.
41 സ്ഥാനാർഥികൾ മത്സരിക്കുന്ന സൗത്ത് ചെന്നൈയിലും 40 സ്ഥാനാർഥികളുള്ള നാമക്കൽ മണ്ഡലത്തിലും 37 സ്ഥാനാർഥികളുള്ള കോയമ്പത്തൂരിലും 35 സ്ഥാനാർഥികളുള്ള വടക്കൻ ചെന്നൈയിലും ഒന്നിലധികം വോട്ടിങ് യന്ത്രങ്ങൾ സജ്ജീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരി ജില്ലയിലെ വിളവൻകോട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ പത്തുപേരാണുള്ളത്. തമിഴ്നാട്ടിൽ പത്രികസമർപ്പണം 20-നാണ് തുടങ്ങിയത്.
ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യവും ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. സഖ്യവും അണ്ണാ ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള സഖ്യവും തമ്മിലുള്ള ത്രികോണമത്സരത്തിനാണ് തമിഴകത്ത് അരങ്ങൊരുങ്ങുന്നത്.
സീമാന്റെ നേതൃത്വത്തിലുള്ള നാം തമിഴർ കക്ഷി തമിഴ്നാട്ടിലെ 39-ഉം പുതുച്ചേരിയിലെ ഒരു സീറ്റിലും തനിച്ചുമത്സരിക്കും.
തമിഴ്നാട്ടിലും പുതുച്ചേരിയിലും ഏപ്രിൽ 19-ന് ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ്.