ചെന്നൈ: 2001-ലെ മേൽപ്പാലം അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി എം. കരുണാനിധി, അന്നത്തെ ചെന്നൈ മേയർ എം.കെ. സ്റ്റാലിൻ, കെ. പൊൻമുടി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ച സ്പീക്കറുടെ 2006-ലെ ഉത്തരവ് റദ്ദാക്കാനാവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി.
കോയമ്പത്തൂരിലെ മാണിക്കം അത്തപ്പ ഗൗണ്ടർ എന്നയാളാണ് മദ്രാസ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്.
ഇതിൽ വാദംകേട്ട ചീഫ് ജസ്റ്റിസ് ഗംഗാപൂർവാല, ജസ്റ്റിസ് സത്യനാരായണ പ്രസാദ് എന്നിവരുടെ ബെഞ്ച് 17 വർഷത്തിനുശേഷം ഹർജിയുമായി എത്തിയതിനുപിന്നിലെ യുക്തിയെ ചോദ്യംചെയ്തു.
എന്നാൽ ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ എം.ആർ. വെങ്കിടേഷ് കാലപ്പഴക്കം തടസ്സമില്ലെന്ന് വ്യക്തമാക്കി.
ഇതേതുടർന്ന് ഹർജിക്കാരന്റെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനുമുന്നോടിയായി ഏപ്രിൽ 25-ന് മുമ്പ് ഒരുലക്ഷം രൂപ കോടതിയിൽ കെട്ടിവെക്കാനും ഹർജിക്കാരനോട് നിർദേശിച്ചു.
മേൽപ്പാലങ്ങളുടെ നിർമാണത്തിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് കരുണാനിധി, സ്റ്റാലിൻ, പൊൻമുടി തുടങ്ങിയവരെ വിചാരണ ചെയ്യാൻ 2005-ൽ സ്പീക്കർ അനുമതി നൽകിയിരുന്നുവെന്നും എന്നാൽ 2006 ൽ ഇതു റദ്ദാക്കിയെന്നും ചൂണ്ടിക്കാട്ടിയ ഹർജിക്കാരൻ ഈ സമയത്ത് കരുണാനിധി മുഖ്യമന്ത്രിയായതിനാൽ അധികാരം ദുർവിനിയോഗം ചെയ്യുകയായിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.