ചെന്നൈ : കാനഡയിൽ നടന്ന കാൻഡിഡേറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ ജേതാവായ ഡി. ഗുകേഷിന് ചെന്നൈയിൽ വൻസ്വീകരണം.
ടൊറന്റോയിൽനിന്ന് ചെന്നൈയിൽ തിരിച്ചെത്തിയ ഗുകേഷിനെ ഭീമൻഹാരവും തലപ്പാവും അണിയിച്ചാണ് സ്വീകരിച്ചത്.
വേലമ്മാൾ സ്കൂളിലെ സഹപാഠികളായ 80-ഓളം വിദ്യാർഥികളും വ്യാഴാഴ്ച പുലർച്ചെ മൂന്നിന് വിമാനത്താവളത്തിൽ ഗുകേഷിനെ സ്വീകരിക്കാനുണ്ടായിരുന്നു.
ഗുകേഷിന്റെ മുഖംമൂടി ധരിച്ചായിരുന്നു വിദ്യാർഥികൾ എത്തിയത്.
അച്ഛൻ ഡോ. രജനീകാന്തിനൊപ്പം എത്തിയ ഗുകേഷിനെ കാത്ത് അമ്മ ഡോ. പത്മയും ബന്ധുക്കളുമുണ്ടായിരുന്നു.
ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ, സ്പോർട്സ് ഡിവലപ്മെന്റ് അതോറിറ്റി ഓഫ് തമിഴ്നാട് അധികൃതരും സ്വീകരണത്തിന് നേതൃത്വം നൽകി.
വിമാനത്താവളത്തിൽ വന്ന മറ്റ് യാത്രക്കാരും ഗുകേഷിനെ കാണാനെത്തിയതോടെ വൻതിരക്കായി.
വളരെ ആത്മവിശ്വാസത്തോടെതന്നെയാണ് ചാമ്പ്യൻഷിപ്പിനിറങ്ങിയതെന്ന് സ്വീകരണത്തിനുശേഷം ഗുകേഷ് പ്രതികരിച്ചു.
ഏഴാം റൗണ്ടിലെ പരാജയം തിരിച്ചടിയായിരുന്നെങ്കിലും അതിന്റെ ആഘാതത്തിൽനിന്ന് വേഗം തിരിച്ചുവരാൻ സാധിച്ചെന്നും കൂട്ടിച്ചേർത്തു.
കാൻഡിഡേറ്റ്സ് ചാമ്പ്യൻഷിപ്പ് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായ ഗുകേഷ് ചെന്നൈയിലാണ് ജനിച്ചുവളർന്നത്.
മാതാപിതാക്കൾ ആന്ധ്ര സ്വദേശികളാണ്. ഗുകേഷിന്റെ നേട്ടത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കായികമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവർ അഭിനന്ദനം അറിയിച്ചു.