ചെന്നൈ : പട്ടിയെ ചായംതേച്ച് പുലിയുടെ രൂപത്തിൽ തെരുവിലിറക്കി ജനങ്ങളെ പേടിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.
പുതുച്ചേരി ലാസ്‌പേട്ടിലെ കുറിഞ്ഞിനഗർ മേഖലയിലാണ് പുലിവേഷത്തിൽ പട്ടിയിറങ്ങിയത്. ദൂരെനിന്ന് നടന്നുവന്ന ‘പുലി’യെക്കണ്ട് പലരും ഭയന്നോടി.
പുതുച്ചേരി ടൗണിൽ പുലിയിറങ്ങിയെന്ന വാർത്തയും കാട്ടുതീപോലെ പടർന്നു.
സംഭവത്തിൽ പന്തികേടുതോന്നിയ ഒരുസംഘം യുവാക്കളാണ് ജനങ്ങളെ പുലിപ്പേടിയിൽനിന്ന് മുക്തരാക്കിയത്.
അവർ ‘പുലി’യുടെ അടുത്തുചെന്ന് സൂക്ഷിച്ചുനോക്കിയപ്പോഴാണ് അത് ഒരു പാവം പട്ടിയാണെന്നു മനസ്സിലായത്. ഈ ദൃശ്യം അവർ മൊബൈൽ ക്യാമറയിൽ പകർത്തി.
സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു.
തമിഴ്‌നാട്ടിൽ പലയിടങ്ങളിലും പുലിയിറങ്ങിയതായുള്ള വാർത്ത പുറത്തുവരുമ്പോഴാണ് ഇത്തരം ക്രൂരമായ തമാശ കാട്ടിയതെന്നും ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി
നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.