ചെന്നൈ : തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ജയകുമാറിന്റെ മരണത്തിൽ ഊജിത അന്വേഷണത്തിന് ആവശ്യം ശക്തമാകുന്നു.
സംഭവത്തിൽ അണ്ണാ.ഡി.എം.കെ, ബി.ജെ.പി. ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ ഡി.എം.കെ. സർക്കാരിനെതിരേ രംഗത്തെത്തി.
സി.ബി.ഐ അന്വേഷണംവേണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ആവശ്യപ്പെട്ടു.
ഡി.എം.കെ സർക്കാർ അധികാരത്തിലെത്തിയശേഷം ക്രമസമാധാനനില തകർന്നുവെന്ന് അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ആരോപിച്ചു.
ജയകുമാർ കൊല്ലപ്പെട്ടതാണോ, ആത്മഹത്യ ചെയ്തതാണോ എന്ന കാര്യത്തിൽ പോലീസിന് നിഗമനത്തിലെത്താനായിട്ടില്ല. അന്വേഷണത്തിനായി ഏഴു പ്രത്യേകസംഘങ്ങളെ നിയോഗിച്ചു.
അതിനിടെ ജയകുമാർ എഴുതിയ മറ്റൊരു കത്തുകൂടി പോലീസ് കണ്ടെടുത്തു. ഇതിൽ 14 പേർ തനിക്ക് ലക്ഷക്കണക്കിനുരൂപ നൽകാനുണ്ടെന്നു പറയുന്നു.
അതിന്റെപേരിൽ പ്രതികാരം ചെയ്യരുതെന്നും നിയമത്തിൽ വിശ്വാസമുണ്ടെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
ജയകുമാറിന്റെ കത്തിൽ പറയുന്ന ഒരു പ്രമുഖ നേതാവ് ഒളിവിലാണെന്നും പറയുന്നുണ്ട്.
കോൺഗ്രസിന്റെ ലെറ്റർ പാഡിൽ തിരുനെൽവേലി ജില്ലാ പോലീസ് സൂപ്രണ്ടിന് ഏപ്രിൽ 30-ന് ജയകുമാർ എഴുതിയ കത്തിൽ വ്യവസായികളും രാഷ്ട്രീയപ്രമുഖരും ഉൾപ്പെടെയുള്ളവരിൽനിന്ന് താൻ വധഭീഷണി നേരിടുന്നതായി വ്യക്തമാക്കിയിരുന്നു.
ജീവന് അപകടമുണ്ടായാൽ അവരായിരിക്കും ഉത്തരവാദികളെന്നും കുറിച്ചിട്ടുണ്ട്.
ഫൊറൻസിക് വിഭാഗം ഞായറാഴ്ചയും മൃതദേഹം കണ്ടയിടത്തുനിന്ന് തെളിവുകൾ ശേഖരിച്ചു