ചെന്നൈ: തമിഴ്നാട്ടിലെ ശിവകാശിയിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ആറുസ്ത്രീകളുൾപ്പെടെ പത്തുപേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു.
വിരുദുനഗർ ജില്ലയിലെ ശിവകാശിയിൽ സെങ്കമലപ്പട്ടിയിൽ സുദർശൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്കശാലയിൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സ്ഫോടനമുണ്ടായത്.
അടുത്തടുത്തുള്ള പത്തുമുറികളിലായാണ് ശാല പ്രവർത്തിച്ചിരുന്നത്. ഓരോ മുറിയിലും മൂന്നും നാലും പേർ ജോലിചെയ്യുന്നുണ്ടായിരുന്നു.
നിർമാണത്തിനിടെ രാസവസ്തുക്കൾ തമ്മിലുരഞ്ഞ് തീപടർന്നാണ് പൊട്ടിത്തെറിച്ചത്.
മിക്കമുറികളും സ്ഫോടനത്തിൽ നിലംപൊത്തി. നാലുപേർ സംഭവസ്ഥലത്തും മറ്റുള്ളവർ ആശുപത്രിയിലെത്തിച്ചതിനുശേഷവുമാണ് മരിച്ചത്.
മരണമടഞ്ഞവരിൽ മൂന്നുപേർ ഒരേ കുടുംബത്തിൽനിന്നുള്ളവരാണ്.
പടക്കനിർമാണശാലയിലെ സ്ഫോടനത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചിച്ചു.
തിരഞ്ഞെടുപ്പുകമ്മിഷന്റെ അനുമതി ലഭിച്ചശേഷം സഹായധനം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വിരുദുനഗർ ജില്ലയിലെ മറ്റൊരു പടക്കശാലയിൽ ഈവർഷം ഫെബ്രുവരിയിലുണ്ടായ സ്ഫോടനത്തിൽ 10 പേർ മരിച്ചിരുന്നു.
ജില്ലയിലെ കിച്ചനായകൻപട്ടിയിൽ കഴിഞ്ഞവർഷം ഒക്ടോബറിൽ 11 പേരും മരിച്ചിരുന്നു.