ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാഭിനയം നിർത്തുമെന്ന് നടിയും ബിജെപി സ്ഥാനാർഥിയുമായ കങ്കണ റണാവത്ത്.
ഒരു ഹിന്ദി മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കങ്കണ ഈ പ്രസ്താവന നടത്തിയത്. ബോളിവുഡ് സിനിമാലോകം ഒരു നുണയാണെന്നും അവിടെയുള്ളതെല്ലാം വ്യാജമാണെന്നും അവർ അഭിപ്രായപ്പെട്ടു.
സിനിമാലോകം ഒരു കുമിളയാണെന്നും അത് വ്യാജമായി തിളക്കം സൃഷ്ടിക്കുകയാണെന്നും കങ്കണ പറഞ്ഞു. സിനിമാ മേഖലയിലുള്ളവർ തികച്ചും വ്യാജമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
പ്രേക്ഷകരെ ആകർഷിക്കുന്നതിനാണ് ആ വ്യാജലോകം ശ്രമിക്കുന്നത്. ഒരു ജോലി വേണമല്ലോ എന്നു കരുതി ഒന്നും ചെയ്യാൻ താൻ തയ്യാറല്ലെന്നും അവർ പറഞ്ഞു.
അഭിനയം മടുത്തിരുന്നു തനിക്ക്. അങ്ങനെയാണ് എഴുതാനും സംവിധാനം ചെയ്യാനും ആരംഭിച്ചത്.
എങ്കിലും താനൊരു നല്ലെ അഭിനേത്രിയാണെന്നും സിനിമാഭിനയം നിർത്തരുതെന്നും സിനിമാപ്രവർത്തകർ തന്നോട് പറയാറുണ്ടെന്നും കങ്കണ കൂട്ടിച്ചേർത്തു.
ഹിമാചല്‍ പ്രദേശിലെ മണ്ഡിയിലെ എൻഡിഎ സ്ഥാനാർഥിയാണ് കങ്കണ റണാവത്ത്. ഹിമാചല്‍ പ്രദേശിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിങ്ങാണ് മണ്ഡലത്തിലെ കങ്കണയുടെ പ്രധാന എതിരാളി.
മന്ത്രിയും സിറ്റിങ് എംപി പ്രതിഭ സിങ്ങിന്റെ മകനാണ് വിക്രമാദിത്യ. പ്രതിഭ സിങ് മൂന്ന് തവണ എംപിയായ മണ്ഡലമാണ് മണ്ഡി.
കങ്കണ മത്സരത്തിനിറങ്ങിയതോടെ ഈ മണ്ഡലം ശ്രദ്ധ നേടിയിരുന്നു. വിവാദങ്ങളോടെയാണ് അവർ പ്രചാരണം തുടങ്ങിയത്.
കങ്കണ നേരത്തെ ബീഫ് കഴിച്ചിരുന്ന കാര്യം വിക്രമാദിത്യ എടുത്തിട്ടു. ഹിമാചലില്‍ പ്രളയമുണ്ടായപ്പോള്‍ കങ്കണ എവിടെയായിരുന്നെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.