കേരളത്തിൽ ഇന്നും മഴ തുടരും. എന്നാൽ വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴക്ക് ഇന്ന് ശമനമുണ്ടായേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് ആറ് ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കടലിൽ പോകുന്നതിനും വിലക്ക് ഏർപ്പെടുത്തി.
എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് നിലവിലെ കാലാവസ്ഥ പ്രവചനം.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. മുന്നറിയിപ്പ് കർശനമായി പാലിക്കണം എന്നും അധികൃതർ അറിയിച്ചു.
അതേസമയം, കനത്ത മഴയിൽ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം ഉണ്ടായി. എറണാകുളത്ത് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. കോഴിക്കോട് മതിൽ തകർന്നുവീണും തെങ്ങ് വീണും രണ്ട് പേർക്ക് പരിക്കേറ്റു. പല ജില്ലകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മണിക്കൂറുകളോളം തുടർച്ചയായി പെയ്ത മഴയിൽ കൊച്ചിയും കോഴിക്കോടും തൃശൂരും വെള്ളത്തിൽ മുങ്ങി.