ചെന്നൈ : സഖ്യമൊഴിവാക്കി കരുത്തുതെളിയിക്കാനിറങ്ങിയ അണ്ണാ ഡി.എം.കെ.യ്ക്കും ബി.ജെ.പി.യ്ക്കും തമിഴ്നാട്ടിൽ നേട്ടമുണ്ടാക്കാനായില്ല
സംസ്ഥാനത്തെ 39 മണ്ഡലങ്ങളും ഡി.എം.കെ. സഖ്യം തൂത്തുവാരിയപ്പോൾ അണ്ണാ ഡി.എം.കെ. 27 ഇടത്തും ബി.ജെ.പി. 12 ഇടത്തും രണ്ടാംസ്ഥാനത്തായി.
ഇരുകക്ഷികളും സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ 10 സീറ്റിലെങ്കിലും വിജയിക്കുമായിരുന്നെന്നാണ് കരുതുന്നത്.
അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പിലുണ്ടായതെന്നും വിലയിരുത്തലുണ്ട്.
ബി.ജെ.പി.യുമായുള്ള കൂട്ടുകെട്ട് വേണ്ടെന്ന തിരുമാനത്തിനുപിന്നിലും എടപ്പാടിയായിരുന്നു.
ബി.ജെ.പി.യുടെ വോട്ടുശതമാനം ഉയരുമെന്ന് അണ്ണാ ഡി.എം.കെ. കരുതിയിരുന്നില്ല. ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റകക്ഷിയുടെയും അണ്ണാ ഡി.എം.കെ. വിമതനേതാവ് ഒ. പനീർശെൽവത്തിന്റെ പിന്തുണ ബി.ജെ.പി.ക്കായിരുന്നു.
ഇതിലൂടെ വോട്ടുശതമാനം വർധിപ്പിക്കാൻ ബി.ജെ.പി.ക്കായി. എന്നാലിത് വിജയത്തിലെത്തിക്കാൻ ബി.ജെ.പി.ക്കായില്ല.
സഖ്യമില്ലാതെ മുന്നോട്ടുപോയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ. മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടാൻ സാധ്യതയുണ്ടെന്നും പാർട്ടിയിലെ ഒരു വിഭാഗം പറയുന്നു.