ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്തതോൽവിയുടെ പശ്ചാത്തലത്തിൽ അണ്ണാ ഡി.എം.കെ.യിൽ ഐക്യം പുനഃസ്ഥാപിക്കാൻ ഏകോപനസമിതി നടപടി തുടങ്ങി.
ഇതിന്റെ ഭാഗമായി അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കും പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട മുൻനേതാക്കളായ ഒ. പനീർശെൽവം, വി.കെ. ശശികല, ടി.ടി.വി. ദിനകരൻ എന്നിവർക്കും സമിതി കത്തയച്ചു.
പുറത്താക്കിയവരെ ഏകോപിപ്പിച്ച് അണ്ണാ ഡി.എം.കെ.യെ ശക്തിപ്പെടുത്താനാണ് മുൻ എം.പി. കെ.സി. പളനിസ്വാമി, മുൻ എം.എൽ.എ.മാരായ ജെ.സി.ഡി. പ്രഭാകർ, പുകഴേന്തി എന്നിവരുടെ നേതൃത്വത്തിൽ സമിതിയുണ്ടാക്കിയത്.
മുൻമുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയും അണ്ണാ ഡി.എം.കെ. മുൻനേതാവുമായ ശശികലയുടെ നിർദേശപ്രകാരമാണ് സമിതിയുണ്ടാക്കിയതെന്നാണ് സൂചന.
പേരു പുറത്തുവരാതിരിക്കാൻവേണ്ടിയാണ് മറ്റു നേതാക്കൾക്കൊപ്പം ശശികലയ്ക്കുകൂടി കത്തയച്ചതെന്നാണ് നിഗമനം. കഴിഞ്ഞതെല്ലാം മറന്ന്, ക്ഷമയോടെ എല്ലാവരും ഒന്നിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
എം.ജി.ആറിന്റെയും ജയലളിതയുടെയും ആദർശങ്ങൾ മുറുകെപ്പിടിച്ച് പ്രതാപം തിരികെക്കൊണ്ടുവരണം. തമിഴ്നാട്ടിൽ വീണ്ടും പാർട്ടിയെ അധികാരത്തിലെത്തിക്കണം.
ഐക്യം ഊട്ടിയുറപ്പിക്കുന്നതിനായി എല്ലാ പ്രവർത്തകരെയും നേരിൽക്കാണാനാണ് ഉദ്ദേശ്യമെന്നും കത്തിൽ വ്യക്തമാക്കി.