ചെന്നൈ : ചെന്നൈ വിമാനത്താവളത്തിന് മൂന്നാഴ്ചയ്ക്കിടെ ഏഴാമത്തെ ബോംബ് ഭീഷണി.
വിമാനത്താവള അധികൃതർക്കാണ് ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചത്. വിമാനത്താവളത്തിലെ ശൗചാലയത്തിലും യാത്രക്കാർ കാത്തിരിക്കുന്ന സ്ഥലത്തും ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.
വിമാനത്താവളത്തിൽ ഉടനെ തിരച്ചിൽ ആരംഭിച്ചെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല.
തുടർന്ന് വിമാനത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, സി.ഐ.എസ്.എഫ്. പോലീസ് എന്നിവരുടെ യോഗം വിളിച്ചുചേർത്തു.
മുൻകരുതലെന്ന രീതിയിൽ വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങളിൽ കൂടുതൽ സുരക്ഷ ജീവനക്കാരെ നിയോഗിക്കാനും അധികൃതർ നിർദേശിച്ചു.
കോയമ്പത്തൂർ വിമാനത്താവളത്തിനും തിങ്കളാഴ്ച ബോംബ് ഭീഷണിയുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചയ്ക്കുള്ളിൽ രാജ്യത്തെ പല വിമാനത്താവളങ്ങൾക്കും ബോംബ് ഭീഷണിയുണ്ടായിട്ടുണ്ട്.
ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനത്തിന് ജൂൺ 18-ന് ബോംബ് ഭീഷണിമുഴക്കിയ സംഭവത്തിൽ തഞ്ചാവൂരിലെ വി. പ്രസന്ന(27)യെ ചെന്നൈ പോലീസ് ശനിയാഴ്ച അറസ്റ്റുചെയ്തിരുന്നു.
ബിരുദധാരിയായ പ്രസന്നയുടെ കൈയിൽനിന്ന് മൊബൈൽഫോണും ഇലക്ട്രോണിക്സ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.