ചെന്നൈ : തമിഴ്നാട്ടിൽ നാല് കോർപ്പറേഷനുകൾകൂടി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ അറിയിച്ചു. കോർപ്പറേഷൻ രൂപവത്കരണത്തിനായുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു.
പുതുക്കോട്ട, ക്ഷേത്രനഗരമായ തിരുവണ്ണാമലൈ, നാമക്കൽ, കാരൈക്കുടി എന്നീമുനിസിപ്പാലിറ്റികളാണ് കോർപ്പറേഷനുകളാക്കി മാറ്റുന്നത്.
കോർപ്പറേഷനുകളാക്കി മാറ്റുന്നതോടെ റോഡുകളുടെ വീതികൂട്ടി നവീകരിക്കും. മഴവെള്ളം ഒഴുകിപ്പോകാനായി ഓടകൾ നിർമിക്കും. ഗാർഹികമാലിന്യങ്ങൾ ഒഴുകിപ്പോകാനായി ഭൂഗർഭമാലിന്യ പൈപ്പുലൈനുകൾ സ്ഥാപിക്കും.
എല്ലാസൗകര്യങ്ങളും ഒരുക്കുന്നതോടെ കൂടുതൽ വാണിജ്യ-വ്യാപാരസ്ഥാപനങ്ങൾ ഈ സ്ഥലങ്ങളിൽ മുതൽമുടക്കും. ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ താംബരം, കാഞ്ചീപുരം, കടലൂർ, കുംഭകോണം, കരൂർ, ശിവകാശി തുടങ്ങിയ ആറുകോർപ്പറേഷനുകൾ സ്ഥാപിച്ചിരുന്നു.
2011-ലെ കണക്കനുസരിച്ച് തമിഴ്നാട്ടിലെ 48.45 ശതമാനം പേർ നഗരങ്ങളിലാണ് താമസിച്ചിരുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് 53 ശതമാനം പേർ നഗരങ്ങളിൽ താമസിക്കുന്നതായാണ് കണക്കാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.