ചെന്നൈ : ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നുവെന്ന പേരിൽ ഓൺലൈൻ മാർഗം തട്ടിപ്പ് നടത്തിയ രണ്ട് പേർ അറസ്റ്റിൽ. തിരുവൊട്ടിയൂർ സ്വദേശികളായ സതീഷ്കുമാർ (35), സതീഷ് (26) എന്നിവരാണ് പിടിയിലായത്.
ഇവരിൽനിന്ന് 23.8 ലക്ഷം രൂപയും രണ്ട് സ്വർണമാലകളും നാല് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാനഗരത്തിലുള്ള ഡോക്ടറുടെ പരാതിയെത്തുടർന്നാണ് സിറ്റി പോലീസ് സൈബർ വിഭാഗം കേസെടുത്ത് അന്വേഷണം നടത്തിയത്. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന് ഉപദേശം നൽകുന്നുവെന്ന സാമൂഹിക മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് പ്രതികളുമായി ഡോക്ടർ ബന്ധപ്പെട്ടത്.
ആദ്യം ഇതിനായി വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തു. പിന്നീട് ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന് എന്ന പേരിൽ പണം വാങ്ങുകയായിരുന്നു. ഇതിനായി പല ബാങ്ക് അക്കൗണ്ടുകളിലായി 11.96 ലക്ഷം രൂപ നിക്ഷേപിച്ചു.
നിക്ഷേപ തുക തിരിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ കൂടുതൽ തുക ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഡോക്ടർ പോലീസിനെ സമീപിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകി ഒട്ടേറെ പേരെ ഇവർ കബളിപ്പിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
ഇത് സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.