ചെന്നൈ : നഗരത്തിൽ ഭിന്നശേഷിസൗഹൃദ ബസുകൾ വരുന്നു. രണ്ടു ബസുകൾ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എം.ടി.സി.) ക്രോംപേട്ട് ഡിപ്പോയിൽ എത്തിച്ചിട്ടുണ്ട്. ഇവ ഈ ആഴ്ചയിൽതന്നെ സർവീസിന് ഉപയോഗിക്കുമെന്നാണ് വിവരം.
ഇതുകൂടാതെ കൂടുതൽ ലോഫ്ലോർ ബസുകൾ അധികംവൈകാതെ എം.ടി.സി.ക്ക് ലഭിക്കുമെന്നാണ് വിവരം.
ജർമൻസഹായത്താൽ നടപ്പാക്കുന്ന പദ്ധതിപ്രകാരം സംസ്ഥാന സർക്കാർ 552 ലോഫ്ലോർ ബസുകൾ വാങ്ങുന്നതിന് തീരുമാനിച്ചിരുന്നു.
ചെന്നൈ, കോയമ്പത്തൂർ, മധുര നഗരങ്ങളിലെ ബസ് സർവീസുകൾക്കായിരുന്നു ഇവ വാങ്ങുന്നത്.
രാജസ്ഥാനിലെ ആൽവാറിൽ ഇവയുടെ നിർമാണം നടക്കുന്നുണ്ടെന്നും ഈ മാസംതന്നെ സംസ്ഥാനത്തിന് ബസ് ലഭിക്കുമെന്നും ഗതാഗതവകുപ്പ് മന്ത്രി കഴിഞ്ഞദിവസം നിയമസഭയിൽ അറിയിച്ചിരുന്നു.
ബസുകൾ ലഭിച്ചാൽ ഉടൻ സർവീസിന് ഉപയോഗിച്ചുതുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
പുതിയ 552 ബസുകളിൽ 352 ബസുകളും ചെന്നൈയിലെ സർവീസുകളിൽ ഉപയോഗിക്കാനായി എം.ടി.സി.ക്ക് കൈമാറാനും ബാക്കി 200 ബസുകളിൽ 100 വീതം കോയമ്പത്തൂർ, മധുര നഗരങ്ങളിലെ സർവീസുകൾക്ക് നൽകാനുമാണ് തീരുമാനം.
നിലവിൽ ചെന്നൈയിൽ ഭിന്നശേഷിസൗഹൃദ ബസുകളില്ല. എന്നാൽ സംസ്ഥാനത്ത് മുഴുവൻ സർക്കാർബസുകളും ഭിന്നശേഷിസൗഹൃദമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി ഇത് നടപ്പാക്കണമെന്നാണ് നിർദേശം.