ബെംഗളൂരു : കോട്ടയം പുതുപ്പള്ളി സ്വദേശിയെ ബെംഗളൂരു ഫ്രേസർ ടൗണിൽ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ.
രണ്ടുവർഷമായി നഗരത്തിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്തുവരുകയായിരുന്ന കക്കാട്ട് കാരാട്ട് വീട്ടിൽ ജീമോൻ കെ. വർഗീസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
തിങ്കളാഴ്ച രാവിലെയാണ് ജീമോന്റെ മൃതദേഹം താമസസ്ഥലത്ത് തൂങ്ങിയനിലയിൽ കണ്ടെത്തിയത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജീമോൻ ജോലിചെയ്തിരുന്ന വീട്ടിൽനിന്ന് 250 ഗ്രാം സ്വർണവും വജ്രാഭരണവും മോഷണം പോയിരുന്നു.
ഇതോടെ ജീമോനേയും മറ്റ് ജീവനക്കാരേയും പോലീസ് ചോദ്യം ചെയ്തു.
തുടർന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് ആരോപണം.
അതേസമയം, ജീമോന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുവരുകയാണെന്നും പുലികേശി നഗർ പോലീസ് അറിയിച്ചു.
പോസ്റ്റുമോർട്ടത്തിനുശേഷം ചൊവ്വാഴ്ച വൈകിട്ടോടെയാണ് ജീമോന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.
സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക്ശേഷം 2.30-ന് പുതുപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും